ന്യൂഡൽഹി: മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഔദ്യോഗിക വസതിയായിരുന്ന ‘ശീഷ് മഹൽ’ മാധ്യമപ്രവർത്തകർക്കായി തുറന്നുകൊടുത്ത് ഡൽഹി സർക്കാർ. ആഡംബരത്തിന്റെ പര്യായമായ ബംഗ്ലാവിനുള്ളിലെ ലക്ഷങ്ങൾ വിലമതിക്കുന്ന സൗകര്യങ്ങൾ പൊതുമരാമത്ത് വകുപ്പ് മന്ത്രി പർവേഷ് വർമ്മ നേരിട്ടെത്തി മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ചു. 11.56 ലക്ഷം രൂപയുടെ ഷാൻഡ്‌ലിയർ (തൂക്കുവിളക്ക്), 30 ലക്ഷം രൂപയുടെ ടിവി യൂണിറ്റ്, 5.47 ലക്ഷം രൂപയുടെ ടു-സീറ്റർ സോഫ, 2.42 ലക്ഷം രൂപയുടെ റിക്ലൈനർ, 5.69 ലക്ഷം രൂപയുടെ കർട്ടനുകൾ തുടങ്ങി അതിശയിപ്പിക്കുന്ന ആഡംബര വസ്തുക്കളാണ് ബംഗ്ലാവിനുള്ളിൽ ഒരുക്കിയിരിക്കുന്നത്.
“പൊതുജനങ്ങളുടെ നികുതിപ്പണം അരവിന്ദ് കെജ്‌രിവാൾ എങ്ങനെയാണ് ധൂർത്തടിച്ചതെന്ന് ജനങ്ങളെ കാണിക്കുകയാണ് ഞങ്ങൾ ചെയ്യുന്നത്,” മാധ്യമ സന്ദർശനത്തിനിടെ മന്ത്രി പർവേഷ് വർമ്മ പറഞ്ഞു. ഔദ്യോഗിക വാഹനമോ സർക്കാർ ബംഗ്ലാവോ ഉപയോഗിക്കില്ലെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ കെജ്‌രിവാൾ, ഈ ഔദ്യോഗിക വസതിക്കായി 56 കോടി രൂപയോളം ചെലവഴിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. കോവിഡ് മഹാമാരി കാലത്ത് ജനങ്ങൾ മരിച്ചുവീഴുമ്പോഴാണ് ആം ആദ്മി പാർട്ടി നേതാവ് തനിക്കായി ഈ ‘ശീഷ് മഹൽ’ നിർമ്മിച്ചതെന്നും വർമ്മ കുറ്റപ്പെടുത്തി.
ബംഗ്ലാവിനുള്ളിലെ ഒരു പ്രത്യേക ‘ഫേസ്ബുക്ക് ലൈവ് റൂമും’ മന്ത്രി മാധ്യമങ്ങൾക്ക് കാണിച്ചുകൊടുത്തു. ഈ മുറിയിൽ വളരെ ലളിതമായ സൗകര്യങ്ങൾ മാത്രമാണുള്ളത്. ഇരിപ്പിടം കീറിയ ഒരു പഴയ തടിക്കസേരയാണ് ഇവിടെയുള്ളത്. താൻ വളരെ ലളിതമായ ജീവിതമാണ് നയിക്കുന്നതെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനായി കെജ്‌രിവാൾ ഫേസ്ബുക്ക് ലൈവുകൾ നടത്തിയിരുന്നത് ഈ മുറിയിലിരുന്നാണെന്നും പർവേഷ് വർമ്മ പരിഹസിച്ചു. എട്ട് കിടപ്പുമുറികൾ, 12 ശുചിമുറികൾ, ജാക്കൂസി ബാത്ത്, സ്പാ, വിലകൂടിയ പരവതാനികൾ, അഞ്ച് ഒഎൽഇഡി (OLED) ടിവികൾ, റിമോട്ട് കൺട്രോൾ വഴി നിറം മാറ്റാവുന്ന സ്മാർട്ട് ലൈറ്റിംഗ് സംവിധാനങ്ങൾ, വിയറ്റ്നാമീസ് മാർബിളുകൾ എന്നിവയും ഈ ബംഗ്ലാവിലുണ്ട്.
പൊതുജനങ്ങളുടെ ആവശ്യം പരിഗണിച്ച് അടുത്ത ആഴ്ച മുതൽ ‘ശീഷ് മഹൽ’ പൊതുജനങ്ങൾക്കായും തുറന്നുകൊടുക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഇതിനായി ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് സംവിധാനം ഏർപ്പെടുത്തും. 20 രൂപയായിരിക്കും ടിക്കറ്റ് നിരക്കെന്നും മുതിർന്ന പൗരന്മാർക്കും കോളേജ് വിദ്യാർത്ഥികൾക്കും പ്രവേശനം സൗജന്യമായിരിക്കുമെന്നുമാണ് വിവരം. 2015 മുതൽ 2024 വരെ മുഖ്യമന്ത്രിയായിരുന്ന കാലയളവിൽ കെജ്‌രിവാൾ താമസിച്ചിരുന്ന 6, ഫ്ലാഗ്സ്റ്റാഫ് റോഡിലെ ബംഗ്ലാവിനെയാണ് എഎപിയുടെ അഴിമതി തുറന്നുകാട്ടാൻ ബിജെപി ‘ശീഷ് മഹൽ’ എന്ന് വിശേഷിപ്പിച്ചത്. കഴിഞ്ഞ വർഷം ഡൽഹി നിയമസഭയിൽ വെച്ച കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (CAG) റിപ്പോർട്ട് പ്രകാരം, എസ്റ്റിമേറ്റ് തുകയേക്കാൾ 342 ശതമാനം അധികം ചെലവഴിച്ച് 33.66 കോടി രൂപയ്ക്കാണ് ബംഗ്ലാവിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.
അതേസമയം, യമുന നദിയിലെ രൂക്ഷമായ മലിനീകരണ വിഷയത്തിൽ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള സർക്കാരിന്റെ നാടകമാണിതെന്ന് ആം ആദ്മി പാർട്ടി തിരിച്ചടിച്ചു. “മന്ത്രിക്ക് എന്തിനെക്കുറിച്ച് വേണമെങ്കിലും സംസാരിക്കാം, പക്ഷേ യമുനയെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടാൻ കഴിയില്ല. ഞങ്ങൾ ജനശ്രദ്ധ തിരിക്കാൻ അനുവദിക്കില്ല. യമുനയുടെ അവസ്ഥയെക്കുറിച്ച് ഞങ്ങൾ നിരന്തരം ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരിക്കും,” എഎപി ഡൽഹി അധ്യക്ഷൻ സൗരഭ് ഭരദ്വാജ് പറഞ്ഞു. യമുനയിൽ ആയിരക്കണക്കിന് മത്സ്യങ്ങൾ ചത്തുപൊങ്ങിയത് എന്തുകൊണ്ടാണെന്ന് മന്ത്രി ഡൽഹിയിലെ ജനങ്ങളോട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.










