കാസർകോട്: കോൺഗ്രസിനുള്ളിലെ ആഭ്യന്തര തർക്കങ്ങളും ഗ്രൂപ്പ് പോരും രൂക്ഷമായി തുടരുന്നതിനിടെ, മുഖ്യമന്ത്രി വി.ഡി. സതീശന്റെ ചാവേറല്ല താനെന്നും ഷാഫി പറമ്പിൽ എം.പി തനിക്കൊരു ഇരയല്ലെന്നും വ്യക്തമാക്കി കാസർകോട് രാജ്മോഹൻ ഉണ്ണിത്താൻ രംഗത്തെത്തി. ‘കേരളത്തിലെ ജനങ്ങളാണ് വി.ഡി. സതീശന്റെ ചാവേറുകളായി നിൽക്കുന്നതെന്നും, അതിനാൽ താനടക്കം ആരുടെയും ചാവേറുകളെ മുഖ്യമന്ത്രിക്ക് ആവശ്യമില്ലെന്നും ഉണ്ണിത്താൻ പറഞ്ഞു.
ആരുടെയും ചാവേറാകാൻ തന്നെ കിട്ടില്ലെന്ന് വ്യക്തമാക്കിയ ഉണ്ണിത്താൻ, മുഖ്യമന്ത്രിക്കുവേണ്ടി മരിക്കാൻ തനിക്ക് ഒന്നുമില്ലെന്നും കൂട്ടിച്ചേർത്തു. ഷാഫി പറമ്പിൽ ‘എ’ ഗ്രൂപ്പുകാരനല്ല എന്ന യാഥാർത്ഥ്യം മാത്രമാണ് താൻ ചൂണ്ടിക്കാട്ടിയതെന്നും, കേരളത്തിലെ ജനങ്ങൾ നേർക്കാഴ്ചയിലൂടെ കണ്ടുകൊണ്ടിരിക്കുന്ന ഒരു കാര്യത്തിൽ ഷാഫി അസ്വസ്ഥനാകേണ്ട യാതൊരു കാര്യവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. “അരി തിന്നതും പോരാ, ആശാരിച്ചിയെ കടിച്ചതും പോരാ പിന്നെയും നായക്ക് മുറുമുറുപ്പ്” എന്ന് പറയുന്നതുപോലെയാണ് കാര്യങ്ങളുടെ പോക്കെന്നും, തനിക്കെതിരെ ഇത്രയൊക്കെ ചെയ്തിട്ടും വീണ്ടും തന്നെ ക്രൂശിക്കാനാണ് ആളുകൾ ശ്രമിക്കുന്നതെന്നും ഉണ്ണിത്താൻ വിമർശിച്ചു. ഇക്കാര്യത്തിൽ ഷാഫി പറമ്പിൽ ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസങ്ങളിൽ ഷാഫി പറമ്പിലിനെതിരെ ഉണ്ണിത്താൻ നടത്തിയ പരസ്യ വിമർശനങ്ങളും, തനിക്കെതിരായ സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ ഷാഫിയുടെ അനുയായികളാണെന്ന ആരോപണവും സംസ്ഥാന കോൺഗ്രസിൽ വലിയ രാഷ്ട്രീയ കോളിളക്കമാണ് സൃഷ്ടിച്ചത്. ഉണ്ണിത്താന്റെ ഇടപെടൽ മുഖ്യമന്ത്രി വി.ഡി. സതീശനെ സഹായിക്കാനും, പാർട്ടിയിലെ ഗ്രൂപ്പ് സമവാക്യങ്ങളെ സ്വാധീനിക്കാനുമാണെന്ന തരത്തിൽ പാർട്ടിക്കുള്ളിലെ ഒരു വിഭാഗം നേതാക്കൾ ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താൻ ആരുടെയും ചാവേറല്ലെന്ന വിശദീകരണവുമായി ഉണ്ണിത്താൻ രംഗത്തെത്തിയത്.
അതേസമയം, മന്ത്രിസഭാ യോഗത്തിലെ രഹസ്യസ്വഭാവമുള്ള ചർച്ചകൾ പുറത്തുവരുന്നത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും, വിവരങ്ങൾ ചോർത്തിയത് ആരാണെന്ന് കണ്ടെത്തി അവരെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കണമെന്നും ഉണ്ണിത്താൻ ആവശ്യപ്പെട്ടു. സി.പി.എം നേതാവ് ടി.ഐ. മധുസൂദനന്റെ പ്രസംഗത്തെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. ചീമേനി കേസിലെ വിധിയെയും ജഡ്ജിയെയും അധിക്ഷേപിച്ചുള്ള മധുസൂദനന്റെ പ്രസംഗം കൊലവിളി പ്രസംഗമാണെന്നും, ഇത് സി.പി.എമ്മിന്റെ ഔദ്യോഗിക നിലപാടാണോ എന്ന് നേതൃത്വം വ്യക്തമാക്കണമെന്നും പെരിയയിൽ മാധ്യമങ്ങളോട് സംസാരിക്കവെ രാജ്മോഹൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടു.












