വ്യോമസേനയുടെ മിസൈല്‍ ലക്ഷ്യംതെറ്റി പതിച്ച് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. ശ്രീനഗര്‍ എയര്‍ബേസിലെ എയര്‍ ഓഫീസര്‍ കമാന്‍ഡിങ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് വ്യോമസേന നടപടി സ്വീകരിച്ചത്. ഇതില്‍ എയര്‍ ഓഫീസര്‍ കമാന്‍ഡിങിനെ ശ്രീനഗര്‍ എയര്ബേസില്നിന്നും മാറ്റി.
ബാലകോട്ട് വ്യോമാക്രമണത്തിന് പിന്നാലെ ഫെബ്രുവരി 27-നാണ് വ്യോമസേനയുടെ എം.ഐ-17 വി-5 ഹെലികോപ്റ്റര്‍ ബുദ്ഗാമില്‍ തകര്‍ന്നുവീണത്. അപകടത്തില്‍ ആറ് വ്യോമസേന ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു.
അതിര്‍ത്തിയില്‍ ഇന്ത്യാ-പാക് വിമാനങ്ങളും ഹെലികോപ്റ്ററുകളും ഏറ്റുമുട്ടല്‍ നടത്തുന്നതിനിടെയാണ് ഇന്ത്യന്‍ വ്യോമസേനയുടെ മിസൈലാക്രമണത്തില്‍ സ്വന്തം ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. ശ്രീനഗര്‍ എയര്‍ബേസില്‍നിന്ന് പറന്നുയര്‍ന്ന ഹെലികോപ്റ്ററിനെ പാക് ഹെലികോപ്റ്ററാണെന്ന് തെറ്റിദ്ധരിച്ചാണ് മിസൈല്‍ തൊടുത്തത്. ഹെലികോപറ്ററിന് സാങ്കേതിക തകരാറാണെന്നാണ് ആദ്യം സംശയിച്ചതെങ്കിലും ഇന്ത്യന്‍ വ്യോമസേനയുടെ കൈവശമുള്ള ഇസ്രായേല്‍ നിര്‍മിത സ്പൈഡര്‍ മിസൈല്‍ ആക്രമണത്തിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നതെന്ന് പിന്നീട് കണ്ടെത്തിയിരുന്നു
Discussion about this post