രാംപുർ: രാംപുറിലെ മൗലാന അലി ജോഹർ സർവ്വകലാശാലയിൽ പൊലീസ് നടത്തിയെ റെയ്ഡ് തടസ്സപ്പെടുത്തിയതിന് സമാജ് വാദി പാർട്ടി എം പി അസം ഖാന്റെ മകനും എം എൽ എയുമായ അബ്ദുള്ള അസം ഖാൻ അറസ്റ്റിൽ.
അസം ഖാന്റെ നിയന്ത്രണത്തിലുള്ള ജോഹർ സർവ്വകലാശാലയിൽ ചൊവ്വാഴ്ചയായിരുന്നു പൊലീസ് റെയ്ഡ് നടത്തിയത്. അസം ഖാനാണ് സർവ്വകലാശാലയുടെ ചാൻസലർ. സർവ്വകലാശാലയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറാണ് അബ്ദുള്ള.
റെയ്ഡിൽ മോഷണം പോയതും അമൂല്യവുമായ രണ്ടായിരത്തോളം ഗ്രന്ഥങ്ങൾ സർവ്വകലാശാല ലൈബ്രറിയിൽ നിന്നും കണ്ടെടുത്തു. ലോകപ്രശസ്തമായ റാസ ലൈബ്രറിയിൽ നിന്നും മദ്രസ ആലിയയിൽ നിന്നും പുസ്തകങ്ങൾ മോഷണം പോയതുമായി ബന്ധപ്പെട്ടായിരുന്നു പൊലീസ് പരിശോധന നടത്തിയത്.
മറ്റൊരു പരാതിയിൽ പാസ്പോർട്ട് സംഘടിപ്പിക്കാൻ അബ്ദുള്ള കൃത്രിമ രേഖകൾ ചമച്ചതായും പൊലീസ് കണ്ടെത്തി. പാസ്പോർട്ട് രേഖകളിലും വിദ്യാഭ്യാസ രേഖകളിലും ജനന തീയതി വ്യത്യസ്തമായി രേഖപ്പെടുത്തിയിരുന്നതായി പൊലീസ് അന്വേഷണത്തിൽ ബോദ്ധ്യപ്പെട്ടു. ബിജെപി നേതാവ് ആകാശ് സക്സേനയുടെ പരാതിയിലായിരുന്നു നടപടി.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 420, 467, 468, 471 വകുപ്പുകൾ പ്രകാരവും പാസ്പോർട്ട് ചട്ടം 12ആം വകുപ്പ് പ്രകാരവുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. രാംപുരിലെ സുവാർ നിയമസഭാ മണ്ഡലത്തിലെ എം എൽ എ ആണ് അബ്ദുള്ള ഖാൻ.
Discussion about this post