ന്യൂഡൽഹി: ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാറും ടൈഗർ ഷറോഫും പങ്കെടുത്ത സിനിമ പ്രമോഷൻ പരിപാടിക്കിടെ ലാത്തി ചാർജ്ജ്. ബഡേ മിയാൻ ഛോട്ടേ മിയാൻ എന്ന പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങിലാണ് ആരാധകരുടെ ഉന്തും തള്ളുമുണ്ടായതിനെ തുടർന്ന് പോലീസിന് ലാത്തിചാർജ്ജ് പ്രയോഗിക്കേണ്ടിവന്നത്.
ഉത്തർപ്രദേശിലെ ഹുസൈനാബാദ് ക്ലോക്ക് ടവറിനു സമീപത്തായിരുന്നു പരിപാടി. താരങ്ങളെത്തിയതറിഞ്ഞ്, വൻ ജനക്കൂട്ടം തടിച്ചുകൂടിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഓരോ മിനിറ്റിലും സന്ദർശകരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കാൻ തുടങ്ങി. താരങ്ങളെ ഒരു നോക്ക് കാണാൻ ആളുകൾ പരസ്പരം ഉന്തുതള്ളും തുടങ്ങി. താരങ്ങളെ കാണാൻ കഴിയത്തതോടെ വ്യക്തികൾ ചെരിപ്പുകളും കല്ലുകളും പരസ്പരം എറിയാൻ തുടങ്ങി. ഇതോടെ സ്ഥലത്ത് സംഘർഷാവസ്ഥയായി.
അക്ഷയ് കുമാറിനെയും ടൈഗർ ഷറോഫിനെയും ഒടുവിൽ പോലീസ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി . ആളുകൾ പിരിഞ്ഞ് പോകാൻ തയ്യാറാവാതെ വന്നപ്പോൾ പോലീസിന് ബലം പ്രയോഗിക്കേണ്ടി വന്നു. ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ ലാത്തിചാർജുൾപ്പെടെ പോലീസ് പ്രയോഗിച്ചു.ഒടുവിൽ ക്രമസമാധാനം പുനഃസ്ഥാപിക്കുകയും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയും ചെയ്തു.
Discussion about this post