ബംഗളൂരു: ബ്രിട്ടനിലെ വമ്പന്‍ മദ്യക്കമ്പനിയായ ഡിയാജിയോയുടെ കീഴിലുള്ള യുണൈറ്റഡ് സ്പിരിറ്റ്സിന്റെ ചെയര്മാന് സ്ഥാനം രാജി വച്ചതിനെ തുടര്‍ന്ന് മദ്യരാജാവ് വിജയ് മല്യയ്ക്ക് ലഭിക്കുന്ന 515 കോടി രൂപ കൈപ്പറ്റുന്നത് കടം തിരിച്ചു പിടിക്കുന്നതിനുള്ള ട്രൈബ്യൂണലിന്റെ ബംഗളൂരു ബെഞ്ച് തടഞ്ഞു. എസ്ബിഐ നല്കിയ കേസില്‍ തീര്‍പ്പാകുന്നത് വരെയാണ് പണം കൈപ്പറ്റാന്‍ മല്യയ്ക്ക് വിലക്കേര്‍പ്പെടുത്തിയത്. ചെയര്മാന് സ്ഥാനം ഒഴിഞ്ഞതിന് പകരമായി ലഭിച്ച തുകയുമായി ഇന്ത്യയില്‍ നിന്ന് മുങ്ങി ലണ്ടനില്‍ സ്ഥിരതാമസമാക്കാന്‍ മല്യ നീക്കം നടത്തുന്നു എന്ന വാര്‍ത്തകള്‍ക്കിടെയാണ് കോടതിയുടെ ഉത്തരവ്.
മല്യയെ അറസ്റ്ര് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എസ്.ബി.ഐ നേതൃത്വം നല്കുന്ന 17 ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് ട്രിബ്യൂണലിനെ സമീപിച്ചത്. ബാങ്കുകളുടെ കണ്‍സോര്‍ഷ്യം 7,800 കോടിയോളം രൂപ മല്യയുടെ കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിന് വായ്പ നല്‍കിയിരുന്നു. നഷ്ടം കുമിഞ്ഞു കൂടിയതോടെ കിംഗ് ഫിഷര്‍ മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവര്‍ത്തനം നിറുത്തി. അംഗീകാരവും റദ്ദാക്കപ്പെട്ടു. വായ്പ തിരിച്ചടയ്ക്കാന്‍ മല്യ വിമുഖത കാട്ടിയതോടെ വായ്പാത്തുക ‘നിഷ്ക്രിയ ആസ്തി’യായി ബാങ്കുകള്‍ക്ക് പ്രഖ്യാപിക്കേണ്ടി വന്നു. മല്യയെ ‘വില്‍ഫുള്‍ ഡിഫോള്‍ട്ടര്‍’ (മനഃപൂര്‍വം വായ്പ തിരിച്ചടയ്ക്കാത്തയാള്) ആയി ബാങ്കുകള്‍ പ്രഖ്യാപിച്ചു. കിംഗ് ഫിഷറിന്റെ ആസ്തികള്‍ ജപ്തി ചെയ്ത് വായ്പാത്തുക തിരികെ പിടിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ വിഫലമായതോടെയാണ് ഹര്‍ജിയുടെ വഴി ബാങ്കുകള്‍ തേടിയത്.
Discussion about this post