ഫൂലൻ ദേവിയുടെ ജീവിതത്തെ ആസ്പദമാക്കി കനേഡിയൻ ചലച്ചിത്ര നിർമ്മാതാവ് റിച്ചി മേത്ത ഒരുക്കുന്ന പരമ്പര നിർത്തിവെച്ചു. നെറ്റ്ഫ്ലിക്സിന്റെ ലീഗൽ ടീമിൽ നിന്നുമുള്ള അംഗീകാരം ലഭിക്കാത്തതിനെ തുടർന്നാണ് പരമ്പര നിർത്തിവച്ചത്. വയലൻസും ബലാത്സംഗവും ഉൾപ്പെടെയുള്ള കാര്യങ്ങൾ പരമ്പരയിൽ ഉള്ളതാണ് ലീഗൽ ടീം അംഗീകാരം നൽകാത്തതിന് കാരണമായത്.
നിർഭയ കേസിനെ ആസ്പദമാക്കി നിർമ്മിച്ച ‘ഡൽഹി ക്രൈം’ എന്ന വെബ് സീരീസിന് എമ്മി അവാർഡ് നേടിയ ചലച്ചിത്ര സംവിധായകൻ ആണ് റിച്ചി മേത്ത. 2019-ൽ ‘ഡൽഹി ക്രൈം’ എന്ന പരമ്പരയുടെ ആദ്യ സീസണിനുശേഷം, കഴിഞ്ഞ വർഷം റിച്ചി മേത്ത ഒരുക്കിയ ‘പോച്ചർ’ എന്ന നെറ്റ്ഫ്ലിക്സ് പരമ്പരയും ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതിനുശേഷമാണ് അദ്ദേഹം ഫൂലൻ ദേവിയുടെ ജീവിതകഥ ആസ്പദമാക്കി പുതിയ പരമ്പര നിർമിക്കാനായി ഒരുങ്ങിയിരുന്നത്.
റിച്ചി മേത്ത തയ്യാറാക്കിയ പരമ്പരയുടെ തിരക്കഥ ക്രിയേറ്റീവ് ടീം അംഗീകരിച്ചതിനുശേഷം ലീഗൽ ടീമിന് അയച്ചു നൽകുകയായിരുന്നു. എന്നാൽ വയലൻസ്, ബലാൽസംഗ രംഗങ്ങൾ മൂലം ഒടിടി അംഗീകാരം ലഭിക്കില്ലെന്ന് ആണ് നെറ്റ്ഫ്ലിക്സ് ലീഗൽ ടീം വ്യക്തമാക്കിയിരിക്കുന്നത്. കൂട്ടബലാത്സംഗത്തിന് പ്രതികാരമായി താക്കൂർ കുടുംബങ്ങളിലെ 22 പേരെ പട്ടാപ്പകൽ വെടിവച്ചു കൊന്ന ബെഹ്മായി കൂട്ടക്കൊലയിലൂടെയാണ് ഫൂലൻ ദേവി ജീവിതത്തിൽ കുപ്രസിദ്ധയായത്. സ്ത്രീകളെ ഉപദ്രവിക്കുന്നത് മുതൽ ജാതീയത വരെയുള്ള നിരവധി കാര്യങ്ങൾ പരമ്പരയിലുണ്ട്. ഇതോടെയാണ് പരമ്പരക്ക് നെറ്റ്ഫ്ലിക്സ് ലീഗൽ ടീം അംഗീകാരം നൽകില്ലെന്ന് അറിയിച്ചിരിക്കുന്നത്.
Discussion about this post