ഡല്‍ഹി: ബാങ്കുകള്‍ നല്‍കാനുള്ള 9000 കോടി രൂപ തിരിച്ചടയ്ക്കാതെ രാജ്യം വിട്ട വ്യവസായി വിജയ് മല്യ താന്‍ ഒളിവിലല്ലെന്ന അവകാശവാദവുമായി രംഗത്തെത്തി. ട്വിറ്റര്‍ പേജിലൂടെയാണ് മല്യ ഇക്കാര്യം വ്യക്തമാക്കിയത്.
അന്താരാഷ്ട്ര തലത്തിലുള്ള ബിസിനസുകാരനാണ് ഞാന്‍. അതിനാല്‍ തന്നെ ഇന്ത്യയില്‍ നിന്നും ഇന്ത്യയിലേക്കും എനിക്ക് യാത്ര ചെയ്യേണ്ടി വരും. ഞാന്‍ ഇന്ത്യയില്‍ നിന്ന് മുങ്ങിയിട്ടില്ല മല്യ- ട്വിറ്ററിലൂടെ വ്യക്തമാക്കി.
മാധ്യമങ്ങളെയും മല്യ രൂക്ഷമായി വിമര്‍ശിയ്ക്കുന്നുണ്ട് തന്റെ ട്വീറ്റിലൂടെ. ഞാന്‍ ചെയ്തു തന്നെ സഹായങ്ങള്‍ മറന്ന് റേറ്റിങിനു വേണ്ടി ഇപ്പോള്‍ നുണ പറയുകയാണോ എന്ന് മല്യ ചോദിയ്ക്കുന്നു. നിയമത്തെ ബഹുമാനിയ്ക്കുന്നെന്ന് പറഞ്ഞ മല്യ മാധ്യമ വിചാരണ അംഗീകരിയ്ക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ മാസം രണ്ടിന് ഇന്ത്യ വിട്ട മല്യ ലണ്ടനിലെ രഹസ്യബംഗ്ലാവില് ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഏഴ് കൂറ്റന്‍ ബാഗുകളുമായാണ് മല്യ ലണ്ടനിലേക്ക് പറന്നതെന്നാണ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജെറ്റ് എയര്‍വേസിന്റെ ഫസ്റ്റ്ക്ളാസ് വിമാനത്തിലായിരുന്നു മല്യയുടെ യാത്ര.
Discussion about this post