(ബ്രേവ് ഇന്ത്യ ഫോളോ അപ്പ് )
കോട്ടയം: മന്ത്രി കെ ബാബു മകളുടെ ഭര്‍ത്തൃപിതാവിന്റെ പേരില്‍ തമിഴ്നാട്ടിലെ തേനിയില്‍ സ്വത്ത് വാങ്ങിയെന്ന വാര്‍ത്തയില്‍ അവിശ്വസീയനമായി യാതൊന്നുമില്ലെന്ന് പി.സി ജോര്‍ജ്ജ് എംഎല്‍എ പറഞ്ഞു. ‘അവിഹിതമായ സമ്പാദിച്ച കോടികള്‍ പലരുടെ പേരിലും സ്വത്തായും മറ്റും നിക്ഷേപിച്ചിരിക്കുകയാണ്. ബാര്‍ ഉടമകളില്‍ നിന്ന് ഏറ്റവും കൂടുതല്‍ പണം കൈപറ്റിയിരിക്കുന്നത് കെ ബാബുവാണ് എന്ന് എല്ലാവര്ക്കും അറിയാം’. കെ.ബാബുവിന്റെ സ്വത്ത് വിവരം സംബന്ധിച്ച് അന്വേഷണം നടത്തണം. 1994 ല്‍ എംഎല്‍എയാകുമ്പോള്‍ കെ. ബാബുവിനുണ്ടായിരുന്ന സ്വത്തും, ഇപ്പോഴത്തെ സമ്പാദ്യവും പരിശോധിച്ചാല്‍ ജനങ്ങള്‍ ബോധം കെട്ട് വീഴുമെന്നും പി.സി ജോര്‍ജ്ജ് ‘ബ്രേവ് ഇന്ത്യ ന്യൂസി’നോട് പ്രതികരിച്ചു.
‘ആനപ്പുറത്ത് ഇരിക്കുമ്പോള്‍ പേടിക്കണ്ട. എന്നാല്‍ എന്നും അങ്ങനെ ഇരിക്കുമെന്ന് കരുതണ്ട. എഐസിസിയ്ക്ക് വരെ ഇപ്പോള്‍ പണം എത്തിക്കുന്നത് കെ ബാബുവാണ് എന്നാണ് ഞാന്‍ കരുതുന്നത്.
കട്ടു എന്ന് കമ്മീഷന് പറഞ്ഞാലും, വിജിലന്‍സ് പറഞ്ഞാലും ഞങ്ങള്‍ക്ക് വിശ്വസിക്കാന്‍ സൗകര്യമില്ല എന്ന പറയുന്ന ഉമ്മന്‍ചാണ്ടിയുടെ കൊള്ളസംഘത്തിലെ പ്രധാനിയാണ് കെ. ബാബു. ഇതിനുള്ള ശിക്ഷ കെ ബാബുവിന് ലഭിക്കുമെന്നാണ് താന്‍ കരുതുന്നതെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു.
മന്ത്രി കെ ബാബു തമിഴ്നാട്ടിലെ തേനിയില്‍ 200 ഏക്കറോളം ഭൂമി വാങ്ങിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. മകളുടെ ഭര്‍ത്താവിന്റെ അച്ഛന്റെ പേരിലും മറ്റും 100കോടിയിലധികം രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ സ്വന്തമാക്കിയെന്നാണ് ആരോപണം.
ബാറുടമകളില്‍ നിന്ന് എക്സൈസ് മന്ത്രി കൂടിയായ കെ ബാബു കോഴ വാങ്ങിയെന്ന ആരോപണം വിജിലന്‍സ് അന്വേഷിയ്ക്കുന്നതിനിടെയാണ് ബാബുവിനെതിരെ പുതിയ ആരോപണങ്ങള്‍ ഉയരുന്നത്.
Discussion about this post