ഡല്‍ഹി: എസ്പിജി നിയമ ഭേദഗതി പാസാക്കി രാജ്യസഭ. 1988-ലെ സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് നിയമത്തിലെ അഞ്ചാമത്തെ ഭേദഗതിയാണ് ഇപ്പോള്‍ കേന്ദ്രം പാസാക്കിയിരിക്കുന്നത്. ഭേദഗതി പ്രകാരം ഇനിമുതല്‍ രാജ്യത്തെ പ്രധാനമന്ത്രിക്ക് മാത്രമായിരിക്കും എസ്പിജി സുരക്ഷ നല്‍കുക. നേരത്തെ ബില്‍ ലോക്സഭയും പാസാക്കിയിരുന്നു.
അതേസമയം നിയമം പാസാക്കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. നിയമ ഭേദഗതിയില്‍ കോണ്‍ഗ്രസ് വിശദകരണം ചോദിച്ചിരുന്നു. തുടര്‍ന്ന് വിഷയത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ നല്കിയ മറുപടിയില്‍ തൃപ്തരാകാതെയാണ് കോണ്‍ഗ്രസ് പ്രതിഷേധിച്ചത്.
ഗാന്ധി കുടുംബത്തെ ഉദ്ദേശിച്ചാണ് തങ്ങള്‍ നിയമദേഗതി കൊണ്ടുവരുന്നതെന്നത് ആരോപണങ്ങള്‍ മാത്രമാണെന്ന് അമിത് ഷാ രാജ്യസഭയില്‍ പറഞ്ഞു. ബില്ല് കൊണ്ടുവരുന്നതിന് മുമ്പുതന്നെ സുരക്ഷാ അവലോകനത്തിന് ശേഷം ഗാന്ധി കുടുംബത്തിന് നല്‍കിയിരുന്ന എസ്പിജി സുരക്ഷ പിന്‍വലിച്ചിരുന്നതാണെന്ന് അമിത് ഷാ പറഞ്ഞു. നിയമ ഭേദഗതിയും ഗാന്ധി കുടുംബത്തിന് നല്‍കിയിരുന്ന എസ്പിജി സുരക്ഷ പിന്‍വലിക്കലും തമ്മില്‍ ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.
എസ്പിജി നിയമത്തിലെ അഞ്ചാമത്തെ ഭേദഗതിയാണിത്. ഇതിന് മുമ്പ് നടന്ന നാല് ഭേദഗതികളും ഗാന്ധി കുടുംബത്തിന് വേണ്ടിയുള്ളതായിരുന്നുവെന്നും അമിത് ഷാ പറഞ്ഞു. നിയമങ്ങള്‍ എല്ലാവര്ക്കും ഒരുപോലെയാകണം. ഏതെങ്കിലും ഒരു കുടുംബത്തിനുവേണ്ടി മാത്രം നിയമങ്ങള്‍ ഉണ്ടാക്കാന്‍ പാടില്ല. ഞങ്ങള്‍ കുടുംബത്തിനെതിരല്ല പക്ഷെ കുടുംബാധിപത്യത്തിനെതിരാണെന്നും അമിത് ഷാ രാജ്യസഭയില്‍ പറഞ്ഞു. ഇതിന് ശേഷമാണ് നിയമ ഭേദഗതി സഭ പാസാക്കിയത്. പിന്നാലെ കോണ്‍ഗ്രസ് സഭ ബഹിഷ്കരിച്ചു.
Discussion about this post