ശിവശങ്കര്‍ കൊച്ചിയിലേക്ക്; സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഐഎ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

Published by
Brave India Desk

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ എന്‍ഐഎ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ശിവശങ്കര്‍ തിരുവനന്തപുരത്തു നിന്നും കൊച്ചിയിലേക്ക് തിരിച്ചു. ഇന്ന് വൈകുന്നേരം അഞ്ചിന് കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ ഹാജരാകാനാണ് ശിവശങ്കറിന് നിര്‍ദേശം. രാവിലെ നാലരയോടെയാണ് അദ്ദേഹം പൂജപ്പുരയിലെ വീട്ടില്‍ നിന്നും കൊച്ചിയിലേക്ക് തിരിച്ചത്.

ഇതു മൂന്നാം തവണയാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. നേരത്തെ കസ്റ്റംസ് ഒന്‍പത് മണിക്കൂറും എന്‍ഐഎ അഞ്ച് മണിക്കൂറും ശിവശങ്കറിനെ ചോദ്യം ചെയ്‌തിരുന്നു. ശിവശങ്കറിന്റെയും പ്രതികളുടെയും മൊഴികളിലെ വൈരുധ്യങ്ങളും ശാസ്ത്രീയ തെളിവുകളും കേന്ദ്രീകരിച്ചായിരിക്കും ചോദ്യം ചെയ്യല്‍.

ഡല്‍ഹിയില്‍ നിന്നും ഹൈദരാബാദില്‍ നിന്നുമുള്ള പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥര്‍ അടങ്ങുന്ന എന്‍ഐഎ സംഘമാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുക. എഴുതി തയ്യാറാക്കിയ 56 ചോദ്യങ്ങളാണ് അന്വേഷണ സംഘം ശിവശങ്കറിനോട് ചോദിക്കുക. ചോദ്യം ചെയ്യല്‍ പൂര്‍ണമായും ക്യാമറയില്‍ പകര്‍ത്തും. എന്‍ഐഎ ശേഖരിച്ച ദൃശ്യങ്ങളില്‍ നിന്നുള്ള തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കും ചോദ്യം ചെയ്യുക.

സ്വര്‍ണക്കടത്തില്‍ ശിവശങ്കറിനു പങ്കുണ്ടോ എന്ന് അറിയാനാണ് ചോദ്യം ചെയ്യല്‍. ശിവശങ്കറിനു നേരിട്ടു ബന്ധമുണ്ടെന്ന തരത്തില്‍ ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. സ്വപ്‌നയും സരിത്തും സന്ദീപുമായുള്ള പരിചയത്തിലൂടെ ശിവശങ്കറും സ്വര്‍ണക്കടത്തില്‍ പങ്കാളിയായോ എന്നതിനാണ് എന്‍ഐഎ പ്രധാനമായും ഉത്തരം തേടുന്നത്. നേരിട്ട് പങ്കാളിയല്ലെങ്കിലും സ്വര്‍ണക്കടത്തിനെ കുറിച്ച്‌ ശിവശങ്കറിന് അറിവുണ്ടായിരുന്നു, പിടിച്ചുവച്ച സ്വര്‍ണം വിട്ടുകിട്ടാന്‍ ഇടപെടല്‍​ നടത്തിയിട്ടുണ്ടോ, ഗൂഢാലോചനയ്‌ക്ക് സൗകര്യം ഒരുക്കിയിരുന്നോ തുടങ്ങിയ കാര്യങ്ങളാണ് എന്‍ഐഎ അന്വേഷിക്കുന്നത്. ശിവശങ്കറുമായി അടുത്ത സൗഹൃദം മാത്രമാണുള്ളതെന്നും സ്വര്‍ണക്കടത്തില്‍ ശിവശങ്കറിനു യാതൊരു പങ്കുമില്ലെന്നും സ്വപ്‌ന കസ്റ്റംസിനു മൊഴി നല്‍കിയിട്ടുണ്ട്.

അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ യുഎഇ കോണ്‍സുലേറ്റ് അറ്റാഷെയെ കൂടുതല്‍ കുരുക്കിലാക്കുന്നതാണ് സ്വപ്‌ന സുരേഷിന്റെ മൊഴി. സ്വര്‍ണം കടത്തിയത് അറ്റാഷെയുടെ അറിവോടെയെന്ന് സ്വപ്‌ന മൊഴി നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്. സ്വര്‍ണം കടത്തിയത് കോണ്‍സുല്‍ ജനറലിന്റെയും അറ്റാഷെയുടെയും സഹായത്തോടെയാണെന്ന് സ്വപ്‌ന പറഞ്ഞതായാണ് സൂചന.

Share
Leave a Comment

Recent News