ഐക്യരാഷ്ട്രസഭയിൽ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. പൗരന്മാരുടെ സംരക്ഷണത്തെക്കുറിച്ചുള്ള ചർച്ചയിൽ പാകിസ്താൻ പങ്കെടുക്കുന്നത് പോലും അന്താരാഷ്ട്ര സമൂഹത്തോടുള്ള അപമാനമാണെന്ന് ഇന്ത്യ വിമർശിച്ചു. തീവ്രവാദികളെയും സിവിലിയന്മാരെയും തമ്മിൽ വേർതിരിച്ചറിയാൻ കഴിയാത്ത പാകിസ്താന് സിവിലിയൻ സംരക്ഷണത്തെക്കുറിച്ച് സംസാരിക്കാൻ ധാർമ്മിക അവകാശമില്ലെന്ന് ഇന്ത്യയുടെ യു.എന്നിലെ സ്ഥിരം പ്രതിനിധി അംബാസഡർ ഹരീഷ് പുരി കുറ്റപ്പെടുത്തി.
ആഗോള ഭീകരവാദത്തിന്റെ ഉറവിടമായ പാകിസ്താൻ, അതിർത്തി കടന്നുള്ള ഭീകരതയ്ക്ക് നൽകിവരുന്ന പിന്തുണ അവസാനിപ്പിക്കുന്നത് വരെ 65 വർഷം പഴക്കമുള്ള സിന്ധുനദീജല കരാറിൽ തൽസ്ഥിതി തുടരുമെന്ന് ഇന്ത്യ അറിയിച്ചു. ജലം ജീവനാണ്, യുദ്ധായുധമല്ലെന്ന് പാക് പ്രതിനിധി ഐക്യരാഷ്ട്രസഭയിൽ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഇന്ത്യയുടെ പ്രതികരണം.
1960-ൽ ഒപ്പുവച്ച കരാർ ഏപ്രിൽ 23-ന് ഇന്ത്യ താൽക്കാലികമായി നിർത്തിവച്ചു, പഹൽഗാം ആക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിന് ശേഷമായിരുന്നു ഇന്ത്യയുടെ നടപടി. ഭീകരാക്രമണവുമായി അതിർത്തി കടന്നുള്ള ബന്ധം കണ്ടെത്തിയതിനെ തുടർന്നാണ് ഇന്ത്യ നടപടി സ്വീകരിച്ചത്. നദീതീര രാഷ്ട്രമെന്ന നിലയിൽ ഇന്ത്യ എപ്പോഴും ഉത്തരവാദിത്തത്തോടെയാണ് പ്രവർത്തിച്ചിട്ടുള്ളതെന്നും പർവ്വതനേനി ഹരീഷ് പറഞ്ഞു.
ഇന്ത്യ 65 വർഷങ്ങൾക്ക് മുമ്പ് സിന്ധു നദീജല കരാറിൽ ഏർപ്പെട്ടത് നല്ല വിശ്വാസത്തോടെയാണ്. ആ ഉടമ്പടിയുടെ ആമുഖം അത് എങ്ങനെ ആത്മാവോടും സൗഹൃദത്തോടും കൂടി അവസാനിച്ചുവെന്ന് വിവരിക്കുന്നുവെന്നും ഹരീഷ് പറഞ്ഞു. ആറര പതിറ്റാണ്ടിനിടയിൽ, മൂന്ന് യുദ്ധങ്ങളും ആയിരക്കണക്കിന് ഭീകരാക്രമണങ്ങളുമായി പാകിസ്താൻ ആ കരാറിന്റെ ആത്മാവ് ലംഘിച്ചുവെന്നും പർവ്വതനേനി കൂട്ടിച്ചേർത്തു.
കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ 20,000-ത്തിലധികം ഇന്ത്യക്കാർ ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ പാക് ഭരണകൂടം സ്‌പോൺസർ ചെയ്യുന്ന അതിർത്തി കടന്നുള്ള ഭീകരത സാധാരണക്കാരുടെ ജീവൻ, മതസൗഹാർദ്ദം, സാമ്പത്തിക അഭിവൃദ്ധി എന്നിവയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് അദ്ദേഹം വിമർശിച്ചു.
Discussion about this post