മുംബൈയുടെ ചരിത്രത്തിൽ എഴുതിച്ചേർക്കപ്പെട്ട ഒരു പേര്, വരദരാജ മുതലിയാർ. അബ്ദുൾ കുഞ്ചു, ബഡാരാജൻ എന്ന രാജൻ നായർ, ഹാജി മസ്താൻ, യൂസുഫ് പട്ടേൽ, ഛോട്ടാരാജൻ എന്നിവർക്കും മുന്നേ ബോംബെ കേൾക്കാൻ തുടങ്ങിയ പേരാണ് വരദരാജ മുതലിയാർ. 1926 ൽ തമിഴ്നാട്ടിലെ തൂത്തുക്കുടിയിലാണ് വരദാഭായി എന്നറിയപ്പെടുന്ന മുതലിയാരുടെ ജനനം.
വിപ്ലവകാരിയായിരുന്ന അച്ഛൻ പോലീസിന്റെ തോക്കിന് മുന്നിൽ കീഴടങ്ങിയപ്പോൾ 19 കാരനായിരുന്ന മുതലിയാർ 1949 ൽ ഒരു ബന്ധുവിനൊപ്പമാണ് ബോംബെയിൽ എത്തുന്നത്. ഏഴാം ക്ലാസ്സിൽ പഠിത്തം നിർത്തിയ മുതലിയാർ ഒരു ദിവസം 1.25 രൂപ സമ്പാദിക്കുന്ന മോട്ടോർ മെക്കാനിക്കായി ജോലി ആരംഭിച്ചു.
വിക്ടോറിയ ടെർമിനലിൽ കൂലിത്തൊഴിലാളിയായി ജോലിക്ക് കയറിയെങ്കിലും ആ ജോലിയിൽ വരദരാജൻ കടുത്ത അസംപ്‌തൃപ്തൻ ആയിരുന്നു. അങ്ങനെ മുതലിയാർ അവിടുത്തെ ലോക്കൽ ഗുണ്ടകളുമായി ബന്ധം ഉണ്ടാക്കി. പിന്നീട് ഈ ബന്ധങ്ങൾ വരദരാജന് ഏറെ ഗുണം ചെയ്തു.
അധോലോകത്തിലേക്ക് മുതലിയാർ എങ്ങനെ എത്തി എന്നതിനെ കുറിച്ച് വ്യക്തമായ പോലീസ് രേഖകൾ ഇല്ലെങ്കിലും അദ്ദേഹത്തിന്റെ ഉയർച്ച അസാധാരണമാംവിധം വേഗത്തിലും തടസ്സമില്ലാത്തതുമായിരുന്നുവെന്ന് മുംബൈ പോലീസിൽ സേവനമനുഷ്ഠിച്ചവർ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട് .
1952ൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ആയി മൊറാർജി ദേശായി അധികാരമേറ്റപ്പോൾ മഹാരാഷ്ട്രയിൽ മദ്യനിരോധനം നിലവിൽ വന്നു. അത് വരദരാജനെ സംബന്ധിച്ച് ഒരു സുവർണാവസരമായി മാറി. സെൻട്രൽ മുംബൈയിലെ ഗലികളിൽ വരദരാജൻ ചാരായം ഉണ്ടാക്കി വിൽക്കാൻ തുടങ്ങി. ആദ്യം ലോക്കൽ ആളുകളെ മുന്നിൽ കണ്ടാണ് ചാരായം ഉണ്ടാക്കി തുടങ്ങിയതെങ്കിലും, മദ്യത്തിന്റെ ബിസ്സനസ്സ് തന്നെ വളരെ ഉയരങ്ങളിൽ എത്തിക്കുമെന്ന് വരദരാജൻ തിരിച്ചറിഞ്ഞു. ധാരാവി, സിയോൺ, കോളിവാദ, അന്റോപ് ഹിൽ എന്നീ സ്ഥലങ്ങൾ വരദരാജന്റെ അധീനതയിലായി.
എഴുപതുകളിൽ നിയമവിരുദ്ധമായ ചാരായം വാറ്റ്, വേശ്യാവൃത്തി, ചൂതാട്ടം, ഹഫ്ത, മോഷണം, കള്ളക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ട് ഉയർന്നു കേൾക്കുന്ന പേരായി മാറി വരദരാജ മുതലിയാർ എന്നത്.
പോലീസിനെ ഒതുക്കാനും വരദരാജൻ ഒരു വഴി കണ്ടെത്തി. റിട്ടയർ ചെയ്ത പോലീസുകാരെയും താഴ്ന്ന റാങ്കിലുള്ള പോലീസുകാരെയും വരദരാജൻ വിലക്കെടുത്തു. അവരെ തന്നെ പലപ്പോഴും വരദരാജൻ സ്വന്തം ചരക്കു കടത്തലുകൾക്ക് ഉപയോഗിച്ചു. ഒപ്പംതന്നെ പോലീസിന്റെ നീക്കങ്ങൾ മുൻകൂട്ടി അറിയുവാനും കഴിഞ്ഞു. അങ്ങനെ പോലീസിനെ കാഴ്ചക്കാരാക്കിക്കൊണ്ട് മുംബൈയുടെ നിരത്തുകളിലൂടെ വരദരാജന്റെ മദ്യവുമായി ട്രക്കുകൾ യഥേഷ്ടം ഓടി. ടയർ ട്യൂബുകളിൽ ചാരായം നിറച്ചു കള്ളക്കടത്തു നടത്തുന്ന രീതി ആദ്യമായി പരീക്ഷിച്ചതും വരദരാജൻ തന്നെ ആണ്.
1974 നും 1977 നും ഇടയിൽ ഡിഫെൻസ് ഓഫ് ഇന്ത്യ റൂൾസ് പ്രകാരം മുതലിയാർ ജയിലിലടയ്ക്കപ്പെട്ടു. എന്നാൽ അതിനുശേഷം അദ്ദേഹത്തെ ക്രിമിനൽ കേസുകളിൽ ഒന്നിലും ഉൾപ്പെടുത്താൻ പോലീസിന് കഴിഞ്ഞില്ല. കാരണം സാക്ഷി പറയാൻ ആരും ഉണ്ടായിരുന്നില്ല, വരുന്നവരാകട്ടെ ജീവനോടെ മടങ്ങിയതുമില്ല .
മുംബൈയിലേക്ക് കുടിയേറിയ ദക്ഷിണേന്ത്യക്കാരുടെ രക്ഷകനായിരുന്നു വരദരാജ മുതലിയാർ. തമിഴനെയും, തെലുങ്കനെയും, കന്നഡിഗനെയും, മലയാളിയെയും വരദരാജൻ ഒരു കുടക്കീഴിൽ നിർത്തി. പകരം അവർ വരദരാജനെ സ്വന്തം നേതാവായി തെരെഞ്ഞെടുത്തു. ഇന്നത്തെ ധാരാവിയുടെ ആദ്യ രൂപം ഉണ്ടായത് കുടിയേറ്റക്കാരായ ദക്ഷിണേന്ത്യക്കാർക്കായി വരദരാജൻ സൃഷ്ടിച്ച കോളനിയായിട്ടാണ്.
ചെറിയ ചെറിയ കുറ്റകൃത്യങ്ങളിൽ നിന്നും തുടങ്ങി പിന്നീട് ഹാജി മസ്താനൊപ്പം ചേർന്ന് കിഡ്നാപ്പിംഗും കൊലപാതകങ്ങളും ഭൂമിയിടപാടുകളും നടത്തി ബോംബൈ മുഴുവൻ അറിയപ്പെടുന്ന അധോലോക നായകനായി മുതലിയാർ അറിയപ്പെടാൻ അധികം നാളുകൾ വേണ്ടി വന്നില്ല. സ്വന്തമായി ഒരു ജുഡീഷ്യറി തുടങ്ങി സൗത്ത് ഇന്ത്യൻ സമൂഹത്തിന് സഹായങ്ങൾ ചെയ്ത് കൊടുത്ത് ആളുകൾക്കിടയിൽ വലിയൊരു ഇമ്പാക്ട് മുതലിയാർ ഉണ്ടാക്കിയെടുത്തിരുന്നു. ഇതുകൊണ്ട് തന്നെ ധാരാവി പോലെയുള്ള ചേരി പ്രദേശങ്ങൾ മുഴുവൻ മുതലിയാർക്ക് പിന്തുണയായിരുന്നു. മുതലിയാരുടെ ഗണേശ ചതുർഥി ആഘോഷങ്ങളും ബോംബയിൽ വളരെ പ്രശസ്തമായിരുന്നു.
മുതലിയാരുടെ ക്ഷേത്രത്തിൽ ഉദ്ഘാടനത്തിനായി മുഖ്യമന്ത്രിയുടെ ഭാര്യ എത്തുന്നുവെന്ന് പറയുമ്പോൾ തന്നെ വരദരാജ മുതലിയാർ രാഷ്ട്രീയക്കാരുടെ ഏറ്റവും വിലപ്പെട്ട സൗഹൃദവലയത്തിനുള്ളിലായിരുന്നു എന്ന് മനസിലാക്കാം.
1983 മെയ് മാസത്തിൽ മുതലിയാരുടെ മകൾ മദ്രാസിൽ വിവാഹിതയായപ്പോൾ എംജിആറും ഭാര്യയും അതിഥികളായി എത്തിയിരുന്നു. ദമ്പതികളുമൊത്തുള്ള എംജിആറിന്റെ ഫോട്ടോ പോലും മുതലിയാരുടെ പക്കലുണ്ടായിരുന്നു. ഇത് മാത്രമല്ല, ജീവ കാരുണ്യ പ്രവർത്തനങ്ങളിലും വരദരാജ മുതലിയാർ മുൻപന്തിയിലായിരുന്നു. തനിക്ക് ജീവിക്കാനുള്ള പണത്തിലധികം കൈവയ്ക്കാൻ ഇഷ്ടമല്ലെന്നതായിരുന്നു നിർധനർക്ക് സഹായം നൽകുമ്പോൾ അദ്ദേഹം പറഞ്ഞ കാരണം.
മുംബൈയിലെ സാമൂഹ്യക്ഷേമ സംഘടനകളിൽ അദ്ദേഹം സ്ഥാപിച്ച തമിഴ് പേരാവൈയും ഉൾപ്പെടുന്നു. ആറ് ആംബുലൻസുകൾ, രക്തദാന ക്യാമ്പുകൾ, ആവശ്യക്കാർക്ക് സൗജന്യ ഭക്ഷണം, തൊഴിലില്ലാത്തവർക്കായി ജോലികൾക്ക് ശുപാർശ, ഇത്തരത്തിൽ വരദരാജ മുതലിയാർ കൈവയ്ക്കാത്ത മേഖലകളില്ല. ചേരി നിവാസികൾ ബഹുമാനസൂചകമായി തങ്ങളുടെ കോളനിക്ക് വരദരാജ നഗർ എന്ന് പേരും നൽകിയിരുന്നു.
മുതലിയാരുടെ മുഴുവൻ സാമ്രാജ്യവും 1980 കളുടെ തുടക്കത്തിൽ തകർന്ന് തുടങ്ങി. മുതലിയാരുടെ ബഡാ ദോസ്തും മറ്റൊരു തമിഴ്നാട്ടുകാരനും ആയിരുന്ന ഹാജി മസ്താൻ പിൻവാങ്ങിയതുമെല്ലാം അതിനു ഒരു കാരണം തന്നെയായിരുന്നു. ഒടുവിൽ ബോംബയിൽ YC പവാർ എന്ന പോലീസ് ഓഫീസറുടെ നേതൃത്വത്തിൽ മുതലിയാരെ തന്നെ ടാർഗറ്റ് ചെയ്ത് അറ്റാക്കുകൾ തുടങ്ങി. മുതലിയാരുടെ കൂട്ടാളികളെയെല്ലാം അറസ്റ്റ് ചെയ്ത് ജയിലിലാക്കുകയും എൻകൗണ്ടറുകൾ നടത്തി കൊന്നു തള്ളുകയും ചെയ്തു.
മുതലിയാർക്ക് ബോംബയിൽ നിൽക്കാൻ പറ്റില്ല എന്ന അവസ്ഥയിൽ എത്തിച്ചേർന്നതോടെ ഒടുവിൽ 1983 ൽ മുതലിയാർ ബോംബെ വിട്ട് മദ്രസിലേക്ക് തിരിച്ച് വന്നു. 1988ൽ മരണമടഞ്ഞ മുതലിയാരുടെ ശരീരം മുതലിയാരുടെ ആഗ്രഹം പോലെ തന്നെ ഹാജി മസ്താൻ ചാർട്ടേർഡ് ഫ്ലൈറ്റിൽ ബോംബയ്ക്ക് തിരിച്ച് കൊണ്ട് വന്നു. അന്ന് ബോംബയിൽ അന്തിമോപചാരം അർപ്പിക്കാനുണ്ടായ ജനസാഗരം അവിടെ ഉള്ള ആളുകൾക്ക് അയാളുടെ മേൽ ഉണ്ടായിരുന്ന ബഹുമാനത്തിനു തെളിവായിരുന്നു.
നിരവധി ഭാഷകളിലെ സിനിമകള്‍ക്ക് മുതലിയാര്‍ പ്രചോദനം ആയിട്ടുണ്ടെങ്കിലും കമല്‍ഹാസനെ നായകനാക്കി മണിരത്നം സംവിധാനം ചെയത് നായകന്‍ ആണ് അതില്‍ ഏറ്റവും പ്രധാനം. വേലുനായ്ക്കര്‍ എന്ന കഥാപാത്രം ഒരു പരിധിവരെ മുതലിയാര്‍ തന്നെയായിരുന്നു . യൂണിയന്‍ നേതാവായിരുന്ന അച്ഛനെ വെടിവെച്ചു കൊന്ന പോലീസുകാരനെ കൊലപ്പെടുത്തിയാണ് സിനിമയില്‍ ശക്തിവേലുനായ്ക്കർ മുംബൈയിലേക്ക് നാടുവിടുന്നത്. വിപ്ലവകാരിയായിരുന്ന അച്ഛന്‍ പോലീസുകാരാല്‍ വെടിയേറ്റ് മരിച്ചതിന് ശേഷമാണ് മുതലിയാരും ബോംബയിലേക്ക് വണ്ടി കയറുന്നത്.
സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടെ സിനിമാ സെറ്റിൽ മുതലിയാരുടെ ആളുകളെത്തുകയും, ചിത്രത്തിന്റെ കഥയെ കുറിച്ച് ആരായുകയും ചെയ്തിരുന്നു. കമലഹാസന് 1988ലെ ദേശീയ അവാർഡ് നേടികൊടുക്കുകയും, 2005ലെ ടൈം മാഗസിൻ ഏറ്റവും മികച്ച നൂറ് ചിത്രങ്ങളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത ഈ ചിത്രം ഇന്നും സിനിമാസ്നേഹികളുടെ മനസ്സിൽ മികവോടെ നില കൊള്ളുന്നു.
Leave a Comment