ന്യൂഡൽഹി : ട്രെയിൻ യാത്രക്കാരുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി കോച്ചുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി കേന്ദ്ര സർക്കാർ. 74,000 കോച്ചുകളിലും 15,000 ലോക്കോമോട്ടീവുകളിലും എഐ സിസിടിവി ക്യാമറകൾ സ്ഥാപിക്കും. കോച്ചിൽ നാല് ഡോം ക്യാമറകളും ലോക്കോമോട്ടീവിൽ ആറ് ക്യാമറകളും വീതം ആയിരിക്കും സ്ഥാപിക്കുക.
ഓരോ കോച്ചുകളിലെയും വാതിലുകൾ, ഇടനാഴികൾ തുടങ്ങിയ പൊതുവായ സഞ്ചാര മേഖലകളിലാണ് ഈ ക്യാമറകൾ സ്ഥാപിക്കുക. സാമൂഹിക വിരുദ്ധരെ കർശനമായി നിരീക്ഷിക്കാൻ ഈ ക്യാമറകൾ സഹായിക്കും. യാത്രക്കാരുടെ സ്വകാര്യതയ്ക്ക് ഭംഗം വരാതിരിക്കാനാണ് പൊതുവായ സഞ്ചാര മേഖലകളിൽ ക്യാമറകൾ സ്ഥാപിക്കുന്നത് എന്നും റെയിൽവേ വ്യക്തമാക്കി.
എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ക്യാമറകൾ ആയതിനാൽ 100 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന അതിവേഗ ട്രെയിനുകളിലും കുറഞ്ഞ വെളിച്ചത്തിലും ഈ ക്യാമറകൾക്ക് വ്യക്തമായ ദൃശ്യങ്ങൾ പകർത്താൻ കഴിയും. സംശയാസ്പദമായ പ്രവർത്തനങ്ങൾ തിരിച്ചറിയുന്നതിനും ഈ സാങ്കേതികവിദ്യ റെയിൽവേയെ സഹായിക്കും. നിലവിൽ റെയിൽവേ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയ ഈ പദ്ധതി വൻ വിജയമാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് രാജ്യം മുഴുവൻ ഇതേ രീതിയിൽ ട്രെയിനുകളിൽ ക്യാമറ സ്ഥാപിക്കാൻ ഇന്ത്യൻ റെയിൽവേ തയ്യാറെടുത്തിരിക്കുന്നത്.
Discussion about this post