ലഖ്‌നൗ : സ്വയം പ്രഖ്യാപിത ആൾദൈവം ചങ്കൂർ ബാബ എന്ന ജലാലുദ്ദീന് പാകിസ്ഥാനിലെ ഇന്റർ-സർവീസസ് ഇന്റലിജൻസ് (ഐഎസ്‌ഐ)യുമായും ബന്ധമെന്ന് കണ്ടെത്തൽ. മതപരിവർത്തനത്തിനും സ്ലീപ്പർ സെൽ പദ്ധതികൾക്കും ഐഎസ്‌ഐയുമായി ചങ്കൂർ ബാബ ബന്ധം പുലർത്തിയിരുന്നതായി എടിഎസ് കണ്ടെത്തിയിട്ടുണ്ട്. നേപ്പാൾ വഴിയായിരുന്നു ഇയാൾ പാകിസ്താനുമായുള്ള ഇടപാടുകൾ നടത്തിയത്. അറബ് മുസ്ലിം രാജ്യങ്ങളിൽ നിന്നും മതപരിവർത്തനത്തിനായി ലഭിച്ച ഫണ്ടുകളുടെ ഇടപാടുകളും നേപ്പാൾ വഴിയായിരുന്നു നടത്തിയിരുന്നത്.
പാകിസ്താൻ, ദുബായ്, സൗദി അറേബ്യ, തുർക്കി എന്നീ രാജ്യങ്ങളിൽ നിന്നായി 500 കോടി രൂപയാണ് ഇയാൾക്ക് വിദേശ ഫണ്ട് ലഭിച്ചിട്ടുള്ളത്. ലഭിച്ച വിദേശ ഫണ്ടിന്റെ ഭൂരിഭാഗവും ഇയാൾ മതപരിവർത്തനത്തിനു വേണ്ടിയാണ് ചിലവഴിച്ചത്.
ഹിന്ദു, ക്രിസ്ത്യൻ വിഭാഗങ്ങളിൽ പെട്ട പെൺകുട്ടികളെ മുസ്ലിം യുവാക്കളെ കൊണ്ട് വലയിലാക്കി അവരെ മതപരിവർത്തനം ചെയ്യിപ്പിക്കുകയായിരുന്നു. ഇസ്ലാം മതം സ്വീകരിച്ച ഹിന്ദു സ്ത്രീകളെ നേപ്പാളിലെ ഐ.എസ്.ഐ ഏജന്റുമാർക്കും സ്ലീപ്പർ സെൽ പ്രവർത്തകർക്കും വിവാഹം കഴിപ്പിച്ചു നൽകുകയും ചെയ്തിരുന്നു.
ദക്ഷിണേന്ത്യയിൽ ഉൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ ചങ്കൂർ ബാബ മതപരിവർത്തന ശൃംഖലകൾ സ്ഥാപിച്ചിട്ടുള്ളതായും കണ്ടെത്തിയിട്ടുണ്ട്. വിദേശ ഫണ്ടുകൾ സ്വീകരിക്കുന്നതിനായി കാഠ്മണ്ഡുവിലും നേപ്പാളിന്റെ അതിർത്തി ജില്ലകളായ നവാൽപരസി, രൂപാന്ദേഹി, ബങ്കെ എന്നിവിടങ്ങളിലും ഇയാളും കൂട്ടാളികളും ചേർന്ന് നിരവധി ബാങ്ക് അക്കൗണ്ടുകൾ തുറന്നിരുന്നു. വിദേശത്തുനിന്നും നേപ്പാളിലേക്ക് എത്തുന്ന പണം ബാങ്കിൽ നിന്നും പിൻവലിച്ച് ഉത്തർപ്രദേശിലേക്ക് എത്തിക്കുന്നതിനായി പ്രത്യേക ഏജന്റുമാരുടെ ഒരു സംഘം തന്നെ ഇയാൾക്ക് ഉണ്ടായിരുന്നു. 5% വരെ കമ്മീഷൻ എന്ന വ്യവസ്ഥയിലായിരുന്നു ഈ ഏജന്റുമാർ പ്രവർത്തിച്ചിരുന്നത്. ഹിന്ദു പെൺകുട്ടികളെ പ്രണയത്തിൽപെടുത്തി മതം മാറ്റുന്നതിന് ആയിരത്തോളം യുവാക്കളെ ചങ്കൂർ ബാബ റിക്രൂട്ട് ചെയ്തിരുന്നു. യുവതികളെ മതം മാറ്റിയതിന് പ്രതിഫലമായി ഈ യുവാക്കൾക്ക് പണം അയച്ചു നൽകിയതിന്റെ രേഖകളും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. എടിഎസിനും ഇഡിക്കും പിന്നാലെ ഇപ്പോൾ ഇന്റലിജൻസ് ബ്യൂറോയും എൻഐഎയും ചങ്കൂർ ബാബയ്ക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post