ഹൈദരാബാദ് : മുതിർന്ന ദക്ഷിണേന്ത്യൻ നടനായ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു. ദീർഘനാളായി രോഗബാധിതനായിരുന്നു അദ്ദേഹം. 83 വയസ്സായിരുന്നു. നാല് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ കോട്ട ശ്രീനിവാസ റാവു 750-ലധികം സിനിമകളിൽ അഭിനയിച്ചു. ദക്ഷിണേന്ത്യയിലെ എല്ലാ ഭാഷകളിലും അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള പ്രമുഖർ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.
വില്ലൻ വേഷങ്ങൾക്കും ഹാസ്യ വേഷങ്ങൾക്കും പുതിയൊരു ശൈലി നൽകിയ നടനായിരുന്നു കോട്ട ശ്രീനിവാസ റാവു. വിജയവാഡയിൽ നിന്നുള്ള മുൻ ബിജെപി എംഎൽഎ കൂടിയായിരുന്നു അദ്ദേഹം. ചിരഞ്ജീവി, പവൻ കല്യാൺ തുടങ്ങിയ പ്രമുഖ സിനിമാ താരങ്ങൾ അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്തു.
1978-ൽ പുറത്തിറങ്ങിയ ‘പ്രണം ഖരീദു’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് കോട്ട ശ്രീനിവാസ റാവുവിന്റെ സിനിമ ജീവിതത്തിന് തുടക്കമായത്. തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം തുടങ്ങി നിരവധി ഭാഷകളിലായി 750-ലധികം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. “തലമുറകളിലുടനീളം പ്രേക്ഷകരെ തന്റെ പ്രകടനങ്ങളിലൂടെ ആകർഷിച്ച വ്യക്തിയാണ് കോട്ട ശ്രീനിവാസ റാവു” എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന് ആദരവർപ്പിച്ചുകൊണ്ട് പറഞ്ഞു.
” സിനിമാരംഗത്തെ തന്റെ വൈദഗ്ധ്യത്തിലൂടെ അദ്ദേഹം എന്നും ഓർമിക്കപ്പെടും. തലമുറകളിലുടനീളം തന്റെ ഉജ്ജ്വലമായ പ്രകടനങ്ങളിലൂടെ അദ്ദേഹം പ്രേക്ഷകരെ ആകർഷിച്ചു. സാമൂഹിക സേവനത്തിലും അദ്ദേഹം മുൻപന്തിയിലായിരുന്നു, ദരിദ്രരെയും അടിച്ചമർത്തപ്പെട്ടവരെയും ശാക്തീകരിക്കുന്നതിനായി അദ്ദേഹം പ്രവർത്തിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിനും എണ്ണമറ്റ ആരാധകർക്കും അനുശോചനം. ഓം ശാന്തി,” എന്ന് മോദി എക്സിൽ പങ്കുവെച്ച പോസ്റ്റിൽ സൂചിപ്പിച്ചു.
Discussion about this post