ഇസ്ലാമാബാദ് : സമാധാനപരമായ പ്രവർത്തനങ്ങൾക്കും സ്വയം പ്രതിരോധത്തിനും വേണ്ടിയാണ് പാകിസ്താന്റെ ആണവ പദ്ധതിയെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. ഇസ്ലാമാബാദിൽ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യുന്ന ഒരു ചടങ്ങിൽ വച്ചായിരുന്നു പാകിസ്താൻ പ്രധാനമന്ത്രിയുടെ ഈ പരാമർശം. ഇന്ത്യയ്ക്കെതിരെ ആണവായുധം പ്രയോഗിക്കുമോ എന്ന വിദ്യാർത്ഥികളുടെ ചോദ്യത്തിന് മറുപടിയായാണ് ഷഹബാസ് ഷെരീഫ് ഇക്കാര്യം പറഞ്ഞത്.
ഇന്ത്യയുമായുള്ള നാല് ദിവസത്തെ സൈനിക സംഘർഷം അനുസ്മരിച്ചുകൊണ്ട്, ഇന്ത്യൻ സൈനിക ആക്രമണങ്ങളിൽ 55 പാകിസ്താനികൾ കൊല്ലപ്പെട്ടുവെന്ന് ഷഹബാസ് ഷെരീഫ് പറഞ്ഞു. എന്നിരുന്നാലും, പാകിസ്താൻ പൂർണ്ണ ശക്തിയോടെയാണ് പ്രതികരിച്ചത് എന്നും ഷെരീഫ് വിദ്യാർത്ഥികളോട് പറഞ്ഞു.
മെയ് മാസത്തിൽ റഷ്യയിലെ പാകിസ്താൻ അംബാസഡർ മുഹമ്മദ് ഖാലിദ് ജമാലി നടത്തിയ പരാമർശങ്ങൾ വലിയ വിവാദമായ സാഹചര്യത്തിലാണ് പാകിസ്താൻ പ്രധാനമന്ത്രി ഈ സമാധാന പരാമർശം നടത്തിയിരിക്കുന്നത്. ഇന്ത്യയുമായുള്ള വർദ്ധിച്ചുവരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ “പരമ്പരാഗതവും ആണവപരവുമായ മുഴുവൻ ശക്തിയും” ഉപയോഗിക്കണമെന്നായിരുന്നു മുഹമ്മദ് ഖാലിദ് ജമാലി പ്രസ്താവന നടത്തിയിരുന്നത്.
Discussion about this post