മലപ്പുറം : സമരം ചെയ്യാനായി ഇനി വിദ്യാർത്ഥി സംഘടനകൾ കാലിക്കറ്റ് സർവകലാശാലയിലേക്ക് വരേണ്ട എന്ന് വ്യക്തമാക്കി പോലീസ്. കാലിക്കറ്റ് സർവകലാശാലയിൽ സമരങ്ങൾക്ക് നിരോധനം. ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടിയാണ് പോലീസ് നിരോധനം പ്രഖ്യാപിച്ചിട്ടുള്ളത്.
കാലിക്കറ്റ് സർവകലാശാലയിൽ സമരങ്ങൾ നിരോധിച്ചതായി തേഞ്ഞിപ്പാലം എസ്എച്ച്ഒ വിദ്യാർഥി സംഘടനകൾക്ക് കത്ത് നൽകി. നിയമം ലംഘിച്ച് സമരം നടത്തിയാൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് കത്തിൽ വ്യക്തമാക്കുന്നു. കഴിഞ്ഞദിവസം സമരം നടത്തിയ വിദ്യാർത്ഥികൾക്കെതിരെ സർവകലാശാലയും നടപടിയെടുത്തിരുന്നു.
സർവ്വകലാശാല കെട്ടിടങ്ങൾ, പരീക്ഷാഭവൻ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് എന്നിവയുടെ ഇരുനൂറ് മീറ്റർ ചുറ്റളവിൽ പ്രകടനങ്ങളോ ധർണ്ണയോ സമരമോ പാടില്ല എന്നാണ് പോലീസ് വ്യക്തമാക്കിയിട്ടുള്ളത്. അടുത്തകാലത്തായി വിദ്യാർത്ഥി സംഘടനകൾ നടത്തുന്ന സമരങ്ങൾ കൂടുതൽ സംഘർഷാവസ്ഥയിലേക്ക് പോകുന്ന സാഹചര്യത്തിലാണ് പോലീസ് കർശന നടപടി സ്വീകരിക്കുന്നത്.
Discussion about this post