കൊല്ലത്ത് പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവം; ഒളിവിലായിരുന്ന പ്രതി സുഹൈൽ പിടിയിൽ

Published by
Brave India Desk

കൊല്ലം: കടക്കലില്‍ പ്ലസ് വൺ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിൽ.  ഒളിവിലായിരുന്ന പ്രതി സുഹൈലിനെ കഴക്കൂട്ടത്ത് നിന്നുമാണ് പോലിസ് പിടികൂടിയത്. നേരത്തെ ചിതറ സ്വദേശികളായ നാല് പേരെ പൊലീസ് കേസിൽ അറസ്റ്റ് ചെയ്തിരുന്നു.

ഇതോടെ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലാകുന്നവരുടെ ഏണ്ണം അഞ്ചായി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പത്ത് മാസമായി പീഡിപ്പിക്കുന്നുവെന്ന പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അഞ്ച് പേ‍ർ പിടിയിലായത്. മുത്തശ്ശിയോടൊപ്പം താമസിച്ചിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടി കഴിഞ്ഞ ജൂൺമാസം മുതല്‍ പീഡനത്തിന് ഇരയായിരുന്നുവെന്നാണ് കൗൺസിലിം​ഗിൽ വ്യക്തമായത്.

സ്കൂളില്‍ കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പെൺകുട്ടി പറഞ്ഞത് . തുടര്‍ന്ന് ചൈല്‍ ലൈന്‍ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. തിങ്കളാഴ്ച നാല് പേരെ പോലീസ് പിടികൂടിയിരുന്നു.

പോലീസ് അന്വേഷണം ആരംഭിച്ചദിവസം മുതല്‍ സുഹൈൽ ഒളിവിലായിരുന്നു. മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സുഹൈല്‍ പോലീസ് വലയിലായത്. ഇയാള്‍ സ്വകാര്യബസ്സിലെ ജീവനക്കാരനാണ്. ബസ്സിന് ഉള്ളില്‍ വച്ച് പെൺകുട്ടി പീഡനത്തിന് ഇരയായതായി പോലീസ് കണ്ടെത്തി. സുഹൈലിനെ  ബസ്സില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയശേഷം, കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

Share
Leave a Comment

Recent News