പാകിസ്ഥാൻ ക്രിക്കറ്റ് താരം ഉമർ അക്മലിന്റെ പേരിൽ ഉള്ള അപമാന റെക്കോഡ് വാർത്ത കാണുന്നവർ സ്വാഭാവികമായിട്ട് ചിന്തിക്കാം, ഇങ്ങനെ ഒകെ നടക്കുമോ എന്ന്. ക്രിക്കറ്റ് ചരിത്രത്തിൽ ഒരു കളിക്കാരൻ 24 മണിക്കൂറിനുള്ളിൽ മൂന്ന് തവണ പുറത്താകുന്നത് ഉമർ അക്മൽ ആണ്. കേൾക്കുമ്പോൾ നമുക്ക് കൗതുകം തോന്നിയേക്കാവുന്ന എന്നാൽ താരത്തിന് വലിയ അപമാനമായ ഒരു സംഭവം ആയിരുന്നു ഇത്.
2015 ൽ ഷാർജയിൽ ഇംഗ്ലണ്ടിനെതിരെ നടന്ന ട്വന്റി20 മത്സരത്തിൽ, അക്മൽ അനാവശ്യ ഷോട്ട് കളിച്ച് ഡീപ് മിഡ്-വിക്കറ്റിൽ ക്രിസ് ജോർദാന് ക്യാച്ച് നൽകി മടങ്ങുമ്പോൾ ആകെ നേടിയത് 4 റൺ മാത്രം. ഇരു ടീമുകളും 20 ഓവറിൽ 154 റൺസ് നേടി സ്കോർ തുല്യത പാലിച്ചപ്പോൾ മത്സരം സൂപ്പർ ഓവറിലേക്ക് പോയി.
സൂപ്പർ ഓവറിലും താരത്തെ ടീം വിശ്വസിച്ചു. എന്നാൽ ക്രിസ് ജോർദാൻ എറിഞ്ഞ ഈ ഓവറിൽ അഫ്രീദിക്ക് ഒപ്പം ഇറങ്ങിയ താരത്തിന് ഒന്നും ചെയ്യാനായില്ല. വെറും 1 റൺ മാത്രം നേടിയാണ് താരം മടങ്ങിയത്. മത്സരത്തിൽ ഇംഗ്ലണ്ട് ജയിക്കുകയും ചെയ്തു. ഈ മത്സരത്തിൽ ഒരു ഘട്ടത്തിൽ, ഇംഗ്ലണ്ട് ആറ് വിക്കറ്റ് നഷ്ടത്തിൽ 86 റൺസ് എന്ന നിലയിൽ ബുദ്ധിമുട്ടുകയായിരുന്നു. എന്നിരുന്നാലും, ജെയിംസ് വിൻസും വോക്സും ചേർന്ന് ഏഴ് ഓവറിൽ നേടിയ 60 റൺസ് കൂട്ടുകെട്ട് ടീമിനെ 154 എന്ന മാന്യമായ സ്കോറിൽ എത്തിച്ചു.
ഈ മത്സരത്തിന് ശേഷം ബംഗ്ലാദേശ് പ്രീമിയർ ലീഗ് ടീമായ ചിറ്റഗോംഗ് വൈക്കിംഗ്സിന് വേണ്ടി കളിക്കാൻ അക്മൽ ബംഗ്ലാദേശിലേക്ക് പറന്നു. ഈ മത്സരത്തിലും അക്മലിന് തന്റെ കഴിവ് തെളിയിക്കാൻ കഴിഞ്ഞില്ല. ഷാക്കിബ് അൽ ഹസന്റെ ഒരു പന്തിൽ കീപ്പർ ക്യാച്ചിനൊടുവിൽ താരം മടങ്ങുക ആയിരുന്നു. നേടാനായത് 1 റൺ മാത്രം.
ചുരുക്കി പറഞ്ഞാൽ ഇതിലും വലിയ അപമാനം സ്വപ്നങ്ങളിൽ മാത്രമെന്ന് പറയാം.
Discussion about this post