ഇന്ത്യയുടെ വ്യോമപാതയിലൂടെ ഇറാനിൽ നിന്ന് ചൈനയിലേക്ക് പോയ വിമാനത്തിൽ ബോംബ് ഭീഷണി; സുരക്ഷയൊരുക്കി ഇന്ത്യൻവ്യോമസേനാ വിമാനങ്ങൾ

Published by
Brave India Desk

ന്യൂഡൽഹി: ഇന്ത്യയുടെ വ്യോമപാതയിലൂടെ ഇറാനിൽ നിന്ന് ചൈനയിലേക്ക് പോയ വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണി. ജയ്പൂരിലേക്ക് വിമാനം തിരിച്ചുവിടണമെന്ന ഇന്ത്യൻ വ്യോമയാന അധികൃതരുടെ നിർദ്ദേശത്തോട് പൈലറ്റ് വിസമ്മതിച്ചതോടെ വ്യോമസേനാ വിമാനങ്ങൾ അകമ്പടി നൽകി സുരക്ഷയൊരുക്കി വിമാനത്തെ ഇന്ത്യയുടെ വ്യോമാതിർത്തി കടത്തിവിട്ടു.

ടെഹ് റാനിൽ നിന്ന് പുറപ്പെട്ട വിമാനം ഡൽഹിയുടെ വ്യോമപാതയിലൂടെയായിരുന്നു ചൈനയിലേക്ക് സഞ്ചരിക്കേണ്ടിയിരുന്നത്. ഇതിനിടയിലാണ് രാവിലെ 9.20 ഓടെ ഡൽഹി പോലീസിന് ബോംബ് ഭീഷണിയുണ്ടെന്ന സന്ദേശം ലഭിക്കുന്നത്. തുടർന്ന് വിമാനം ഡൽഹിയിൽ അടിയന്തര ലാൻഡിംഗിന് അനുമതി തേടിയെങ്കിലും ജയ്പൂരിലേക്ക് വഴിതിരിച്ചുവിടാൻ പൈലറ്റിന് ഇന്ത്യൻ എയർട്രാഫിക് കൺട്രോൾ യൂണിറ്റ് നിർദ്ദേശം നൽകി. എന്നാൽ പൈലറ്റ് ഇതിന് വിസമ്മതിച്ചു. തുടർന്നാണ് വ്യോമസേനയുടെ സഹായം തേടിയത്.

പഞ്ചാബിൽ നിന്നും ജോധ്പൂരിൽ നിന്നുമുള്ള സുഖോയ് 30 യുദ്ധ വിമാനങ്ങളാണ് സുരക്ഷിതമായ അകലം പാലിച്ച് വിമാനത്തിന് സുരക്ഷയൊരുക്കിയത്. ടെഹ്‌റാൻ ആസ്ഥാനമായുളള മഹൻ എയർലൈൻസിന്റെ വിമാനത്തിലാണ് ഭീഷണിയുണ്ടായത്. വിമാനം ചൈനയുടെ വ്യോമാതിർത്തിയിൽ പ്രവേശിച്ച ശേഷമാണ് സുഖോയ് വിമാനങ്ങൾ മടങ്ങിയത്.

വ്യോമയാന സുരക്ഷാ ബ്യൂറോയുടെയും വ്യോമയാന മന്ത്രാലയത്തിന്റെയും മാർഗനിർദ്ദേശങ്ങൾ അനുസരിച്ചുളള നടപടിക്രമങ്ങളാണ് സ്വീകരിച്ചതെന്ന് അധികൃതർ പിന്നീട് വ്യക്തമാക്കി. വിമാനം ഇന്ത്യൻ വ്യോമാതിർത്തി താണ്ടുന്നത് വരെ വ്യോമസേനയുടെ റഡാർ നിരീക്ഷണത്തിലുമായിരുന്നു.

Share
Leave a Comment

Recent News