പതിവുപോലെ അയ്യപ്പൻമാരെ പിഴിയാൻ കെഎസ്ആർടിസി; പമ്പ സർവ്വീസുകൾക്ക് 35 ശതമാനം അധിക നിരക്ക്; ഓർഡിനറി ഷെഡ്യൂളുകളും സ്‌പെഷൽ സർവ്വീസാക്കി തീവെട്ടിക്കൊളളയ്ക്ക് സർക്കാർ

Published by
Brave India Desk

പമ്പ: പതിവുപോലെ ഈ ശബരിമല സീസണിലും അയ്യപ്പൻമാരെ ഞെക്കിപ്പിഴിയുകയാണ് കെഎസ്ആർടിസി. 35 ശതമാനം അധിക നിരക്കാണ് സ്‌പെഷൽ സർവ്വീസുകളുടെ പേരിൽ ഈടാക്കുന്നത്. തീർത്ഥാടനം കഴിയും വരെ പമ്പയിലേക്ക് നടത്തുന്ന എല്ലാ സർവ്വീസുകളും സ്‌പെഷൽ സർവ്വീസ് ആക്കാനാണ് നിർദ്ദേശം. പമ്പയിലേക്ക് പതിവായി നടത്തുന്ന ഓർഡിനറി ഫാസ്റ്റ് പാസഞ്ചർ സർവ്വീസുകളിലും ഇതനുസരിച്ച് അധികനിരക്ക് നൽകേണ്ടിവരും.

പന്തളം, എരുമേലി, കൊട്ടാരക്കര, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നും ദിവസേന നടത്തിയിരുന്ന ഷെഡ്യൂളുകളും ഇനി മുതൽ സ്‌പെഷൽ സർവ്വീസ് ആകും. എരുമേലിയിൽ നിന്ന് പമ്പയിലേക്ക് ദിവസവും നടത്തിയിരുന്ന ഓർഡിനറി സർവ്വീസ് അട്ടത്തോട് വരെയാക്കി ചുരുക്കി.

പുതിയ നിരക്ക് അനുസരിച്ച് തിരുവനന്തപുരത്ത് നിന്നും പമ്പയിലേക്ക് ഫാസ്റ്റ് പാസഞ്ചർ ബസുകൾക്ക് 294 രൂപയും സൂപ്പർ ഫാസ്റ്റ് സർവ്വീസുകൾക്ക് 303 രൂപയുമാണ് നിരക്ക്. പത്തനംതിട്ടയിൽ നിന്നും ഫാസ്റ്റിന് 143 രൂപയും സൂപ്പർ ഫാസ്റ്റിന് 149 രൂപയുമാകും. എരുമേലിയിൽ നിന്നും 114,119 ചെങ്ങന്നൂരിൽ നിന്ന് 180, 187 കൊട്ടാരക്കരയിൽ നിന്ന് 195, 201, ഗുരുവായൂരിൽ നിന്ന് 429, 442 കൊച്ചിയിൽ നിന്ന് 295, 305 എന്നിങ്ങനെയാണ് നിരക്കുകൾ.

പത്തനംതിട്ടയിൽ നിന്ന് പമ്പ വരെ ഫാസ്റ്റ് പാസഞ്ചർ ബസുകളുടെ നിരക്ക് 112 രൂപയാണ്. ഇതാണ് 143 രൂപയായത്. പമ്പ – നിലയ്ക്കൽ ചെയിൻ സർവ്വീസ് നിരക്ക് ഉയർത്തിയിട്ടില്ല. ഈ ചെയിൻ സർവ്വീസ് നിർത്തണമെന്നും വിവിധ സ്ഥലങ്ങളിൽ നിന്ന് എത്തുന്ന വാഹനങ്ങളിൽ തന്നെ തീർത്ഥാടകരെ പമ്പ വരെ എത്തിക്കണമെന്നും കഴിഞ്ഞ വർഷവും ഹൈന്ദവ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.

സുഖം സുരക്ഷിതം ലാഭകരം എന്ന വാചകത്തോടെ തീർത്ഥാടകർ പമ്പ സർവ്വീസുകൾ പ്രയോജനപ്പെടുത്തണമെന്ന് സോഷ്യൽ മീഡിയ പേജുകളിലൂടെയും മറ്റും ദിവസങ്ങൾക്ക് മുൻപേ കെഎസ്ആർടിസി പരസ്യ പ്രചാരണം തുടങ്ങിയിരുന്നു. ഓൺലൈൻ റിസർവേഷൻ സംവിധാനവും ലഭ്യമാക്കിയിട്ടുണ്ട്. www.online.keralartc.com എന്ന വെബ് സൈറ്റിലൂടെയും ‘Ente KSRTC’ എന്ന മൊബൈൽ ആപ്പിലൂടെയും ടിക്കറ്റുകൾ മുൻകൂട്ടി റിസർവ്വ് ചെയ്യാനുളള സംവിധാനവും ഏർപ്പെടുത്തി.

Share
Leave a Comment

Recent News