തിരുവനന്തപുരം: കാര്യവട്ടം സ്റ്റേഡിയത്തിലെ ഇന്ത്യ-ശ്രീലങ്ക ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് നിരക്ക് വർദ്ധനയുമായി ബന്ധപ്പെട്ട് കായികമന്ത്രി വി.അബ്ദുറഹ്മാൻ നടത്തിയ പരാമർശത്തെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പട്ടിണിക്കാരെല്ലാം ചേർന്നാണ് കളി കണ്ടു കൊണ്ടിരിക്കുന്നത്. പട്ടിണി കിടക്കുമ്പോൾ ആസ്വദിക്കുക പ്രയാസമാണ് എന്നായിരിക്കും മന്ത്രി ഉദ്ദേശിച്ചിട്ടുണ്ടാവുക എന്നാണ് എം വി ഗോവിന്ദൻ പറഞ്ഞത്. പട്ടിണി കിടക്കുന്നവർ കളി കാണാൻ പോകേണ്ടന്ന വി അബ്ദുറഹ്മാന്റെ പരാമർശം വലിയ വിവാദമായിരുന്നു. ടിക്കറ്റിന് വിനോദനികുതി കൂട്ടിയതിനെതിരായ വിമർശനങ്ങളോടായിരുന്നു അബ്ദുറഹ്മാന്റെ പരാമര്‍ശം.
അതേസമയം കലോത്സവത്തിലെ സ്വാഗത ഗാനം സംബന്ധിച്ച് വിവാദങ്ങളൊന്നുമില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. സിപിഎമ്മും സർക്കാരും ഒരു മതത്തിനും എതിരല്ല. സർക്കാരിന്റെ ഈ നിലപാടിനെതിരെ ആരെങ്കിലും ഇടപെട്ടിട്ടുണ്ടെങ്കിൽ അത് പരിശോധിക്കും. അത് തന്നെയാണ് കോഴിക്കോട് ജില്ല സെക്രട്ടറിയേറ്റും പറഞ്ഞതെന്നും ഗോവിന്ദൻ വ്യക്തമാക്കി. കലോത്സവത്തിലെ സ്വാഗതഗാനത്തിൽ മുസ്ലിം വേഷധാരിയെ തീവ്രവാദിയായി ചിത്രീകരിച്ചതിനെതിരെ നടപടിയെടുക്കണമെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടിരുന്നു.
Leave a Comment