റിപ്പബ്ലിക് ദിന പരേഡിൽ ഇക്കുറി അഗ്നിവീരൻമാരും? സൂചന നൽകി നാവികസേന; പരിശീലനം തുടരുന്ന അഗ്നിവീരൻമാരുടെ സംഘത്തെ പരേഡിന്റെ ഭാഗമാക്കാൻ ആലോചന

Published by
Brave India Desk

ന്യൂഡൽഹി: റിപ്പബ്ലിക് ദിന പരേഡിൽ ഇക്കുറി അഗ്നിവീരൻമാരും അണിനിരന്നേക്കും. നാവികസേനയിൽ പരിശീലനം നടത്തുന്ന അഗ്നിവീരൻമാർക്കാണ് പരേഡിന്റെ ഭാഗമാകാൻ ഒരുപക്ഷെ നറുക്ക് വീഴുക. 271 വനിതകൾ ഉൾപ്പെടെ 2,800 അഗ്നിവീരൻമാരാണ് ഐഎൻഎസ് ചിൽകയിൽ പരിശീലനം നടത്തുന്നത്. ഇവരെ പ്രതിനിധീകരിച്ച് ചെറിയ ഒരു സംഘത്തെ പരേഡിന് ഇറക്കാനാണ് നേവിയുടെ ആലോചന.

മാർച്ച് അവസാനമാണ് ഇവരുടെ പരിശീലനം പൂർത്തിയാകുന്നത്. റിപ്പബ്ലിക് ദിന പരേഡിൽ നാവികസേനയുടെ പങ്കാളിത്തത്തെക്കുറിച്ച് വിശദീകരിക്കവേ വൈസ് അഡ്മിറൽ സൂരജ് ബെറിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ അന്തിമ തീരുമാനമായിട്ടില്ലെന്നും ഇക്കാര്യം സജീവ പരിഗണനയിലാണെന്നും അദ്ദേഹം ആവർത്തിച്ചു,

സേനയിൽ സെയിലർ റാങ്കിൽ ഉൾപ്പെടെ വനിതകൾ ഉണ്ടെന്നും സേനയുടെ എല്ലാ മേഖലകളിലും നാരീശക്തിയുടെ സാന്നിദ്ധ്യം അടയാളപ്പെടുത്തിക്കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ഒഡീഷയിലെ ഐഎൻഎസ് ചിൽകയിലാണ് അഗ്നിവീരൻമാരുടെ ആദ്യസംഘം പരിശീലനം നടത്തുന്നത്. നാല് മാസത്തെ പരിശീലനമാണ് ഉളളത്. മാർച്ച് 23 ന് ഇത് പൂർത്തിയാകും. പിന്നീട് രണ്ടാഴ്ചക്കാലം യുദ്ധക്കപ്പലുകളിലും ഇവരെ പരിശീലനത്തിന് വിടും. ഇതിന് ശേഷമാകും ഇവരെ പോസ്റ്റ് ചെയ്യുക.

വിമാനവാഹിനി കപ്പലിൽ ഉൾപ്പെടെ വനിതാ അഗ്നിവീരരുടെ സേവനം ലഭ്യമാക്കുമെന്ന് സൂരജ് ബെറി പറഞ്ഞു. മുൻനിര യുദ്ധക്കപ്പലുകളിൽ 20 മുതൽ 30 പേർ വരെ വരുന്ന വനിതാസംഘത്തെയാണ് നിയോഗിക്കുക. റിപ്പബ്ലിക് ദിന പരേഡിൽ അഗ്നിവീരരെ അണിനിരത്തുന്നതിലൂടെ യുവതലമുറയ്ക്ക് പോസിറ്റീവായ സന്ദേശം നൽകാനാകുമെന്നും ഉദ്യോഗാർത്ഥികൾക്ക് ആത്മവിശ്വാസം നൽകുമെന്നുമാണ് നേവിയുടെ വിലയിരുത്തൽ.

Share
Leave a Comment

Recent News