ന്യൂഡൽഹി: തടവറയിൽ കരഞ്ഞ് നിലവിളിച്ച് തട്ടിപ്പു കേസിലെ പ്രതി സുകേഷ് ചന്ദ്രശേഖർ. ഇയാളുടെ ജയിൽ മുറിയിൽ നടത്തിയ റെയ്ഡിന് പിന്നാലെയാണ് സുകേഷ് കരച്ചിൽ നാടകവുമായി രംഗത്തെത്തിയത്.
ഡൽഹി മൻഡോളി ജയിലിൽ നടത്തിയ മിന്നൽ റെയ്ഡിൽ സുകേഷിനെ പാർപ്പിച്ച റൂമിൽ നിന്ന് ആഡംബര വസ്തുക്കൾ കണ്ടെത്തിയിരുന്നു. സുകേഷിന്റെ സെല്ലിൽ നിന്ന് 1.5 ലക്ഷം രൂപ വിലമതിക്കുന്ന ഗൂച്ചി സ്ലിപ്പറുകളും 80,000 രൂപ വിലമതിക്കുന്ന രണ്ട് ജീൻസുകളും സംഘം പിടിച്ചെടുത്തു.
ജയിൽ മുറിയിൽ അധികൃതർക്കു മുന്നിൽ സുകേഷ് വാവിട്ട് കരയുന്നത് ദൃശ്യങ്ങളിലുണ്ട്. ആഡംബര ജീവിതമാണ് ജയിലിലും സുകേഷ് നയിക്കുന്നതെന്ന രഹസ്യ വിവരത്തെ തുടർന്നാണ് റെയ്ഡ് നടത്തിയത്.
ഒന്നിലേറെ കേസുകളിലാണ് സുകേഷ് ചന്ദ്രശേഖർ പ്രതിയായിട്ടുള്ളത്. മുമ്പും പല കേസുകളിൽ ഇയാൾ അറസ്റ്റിലായിട്ടുണ്ട്. ഡൽഹിയിലെ വ്യവസായിയുടെ ഭാര്യയിൽ നിന്ന് 200 കോടി രൂപ തട്ടിയെടുത്ത കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച കുറ്റപത്രത്തിൽ ജാക്വലിൻ ഫെർണാണ്ടസും പ്രതിപ്പട്ടികയിലുണ്ട്. തുടർന്ന് താരത്തിനെ ഇഡി പലതവണ ചോദ്യം ചെയ്തിരുന്നു.
Leave a Comment