കൊച്ചി നഗരം 13 ദിവസം ഗ്യാസ് ചേംബറിലായിട്ട് 99 ശതമാനം സാംസ്‌കാരിക നായകരും നിശബ്ദരായിരുന്നു; കേരളത്തിന്റെ പ്രതികരണശേഷി എവിടെപ്പോയെന്ന് എകെ ആന്റണി

Published by
Brave India Desk

തിരുവനന്തപുരം : കേരളത്തിലെ സാംസ്‌കാരിക നായകരുടെ പ്രതികരണ ശേഷി എവിടെയോ നഷ്ടപ്പെട്ടു പോയിരിക്കുകയാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എകെ ആന്റണി. കേരളത്തിലെയും രാജ്യത്തെയും ലോകത്താകമാനവുമുള്ള പ്രശ്നങ്ങളിൽ ഇടപെട്ട് അഭിപ്രായം പറയുന്നവരായിരുന്ന കേരളത്തിലെ സാംസ്‌കാരിക നായകർ എന്നാൽ, ബ്രഹ്മപുരം കത്തുമ്പോൾ മൗനികളായെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കൊച്ചി നഗരം 13 ദിവസം ഗ്യാസ് ചേംബറിലായിട്ട് 99 ശതമാനം സാംസ്‌കാരിക നായകരും നിശബ്ദരായിരുന്നു. ഇപ്പോൾ അവർ സംസ്ഥാനത്തിന് പുറത്തുള്ള വിഷയങ്ങളെക്കുറിച്ചേ പ്രതികരിക്കാറുള്ളൂ. ബ്രഹ്മപുരത്തെ നിശബ്ദതയിൽ അവർക്ക് വലിയ വില നൽകേണ്ടിവരും. തീപിടിത്തം തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കത്ത് അയച്ച ശേഷമാണ് രക്ഷാപ്രവർത്തനം തുടങ്ങിയത് എന്നും അദ്ദേഹം പറഞ്ഞു.

സാംസ്‌കാരിക കേരളത്തിന് എന്തു പറ്റിയെന്നും അദ്ദേഹം ചോദിച്ചു. ആളുകളുടെ പ്രതികരണ ശേഷി എവിടെപ്പോയെന്ന് ഗൗരവമായി ചിന്തിക്കണം. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് എല്ലാ കാലത്തെയും ഇടപാടുകൾ അന്വേഷിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. കഴിഞ്ഞ 7 വർഷമായി ഒരാളാണ് കേരളത്തിന്റെ മുഖ്യമന്ത്രിയെന്ന് അദ്ദേഹം ഓർക്കണമെന്നും ആന്റണി പറഞ്ഞു.

Share
Leave a Comment

Recent News