ഇടുക്കി : ഇടുക്കിയിൽ കാട്ടാനയെ കാറിടിച്ച് അപകടം. പൂപ്പാറയിൽ വെച്ച് ചക്കക്കൊമ്പൻ എന്ന കാട്ടാനയെ ആണ് കാറിടിച്ചത്. അപകടത്തിൽ ഒരു കുട്ടിയടക്കം നാല് പേർക്ക് പരിക്കേറ്റു.
ഇന്ന് വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവം. കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയോരത്തായിരുന്നു സംഭവം. ചൂണ്ടൽ സ്വദേശിയായ തങ്കരാജും കുടുംബവും സഞ്ചരിച്ച കാറാണ് ചക്കക്കൊമ്പനെ ഇടിച്ചത്. പൂപ്പാറയിൽ നിന്ന് ചൂണ്ടലിലേക്ക് പോകുകയായിരുന്നു കുടുംബം. ഇരുട്ടിൽ ആന റോഡിലേക്ക് ഇറങ്ങിയത് ഇവർ കണ്ടില്ല. പാഞ്ഞെത്തിയ കാർ കാട്ടാനയെ ഇടിച്ചു. ഇതോടെ അക്രമാസക്തനായ ആന വാഹനത്തെ ചവിട്ടി തകർക്കാനുള്ള ശ്രമം നടത്തി.
പരിക്കേറ്റവരെ പൂപ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയ ശേഷം തേനി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. കാറിന്റെ മുൻവശത്തെ ചില്ല് തകർന്നതിനെ തുടർന്നാണ് യാത്രക്കാർക്ക് പരിക്കേറ്റിരിക്കുന്നത്. അതേസമയം ആനയ്ക്ക് അപകടത്തിൽ പരിക്കേറ്റോയെന്ന് വ്യക്തമല്ല. അടുത്ത ദിവസം ഇക്കാര്യം പരിശോധിക്കാനുള്ള ശ്രമം നടത്തുമെന്ന് വനംവകുപ്പ് അറിയിച്ചിട്ടുണ്ട്.
Leave a Comment