ക്ഷേത്രങ്ങൾ ലക്ഷ്യമിടുന്നവരെ വെറുതെ വിടില്ല; പ്രധാനമന്ത്രിയ്ക്ക് ഉറപ്പ് നൽകി ആന്റണി ആൽബനീസ്; ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയുമായി വിഷയം ചർച്ച ചെയ്ത് നരേന്ദ്ര മോദി

Published by
Brave India Desk

മെൽബൺ: ഓസ്‌ട്രേലിയയിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ആന്റണി ആൽബനീസുമായി വിഷയം ചർച്ച ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ത്രിദിന സന്ദർശനത്തിന്റെ ഭാഗമായി നടത്തിയ ഉഭയക്ഷി ചർച്ചകൾക്കിടെയായിരുന്നു അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്. ഇത്തരം ആക്രമണങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ഉറപ്പ് നൽകിയതായി നരേന്ദ്ര മോദി പറഞ്ഞു.

ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ തുടർച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങളെക്കുറിച്ചും വിഘടനവാദികളുടെ പ്രവർത്തനങ്ങളെക്കുറിച്ചും ആന്റണി ആൽബനീസുമായി ചർച്ച നടത്തി. ഇന്ത്യയുടെയും ഓസ്‌ട്രേലിയയുടെയും ബന്ധത്തെ പ്രതികൂലമായി ബാധിക്കുന്ന ആശങ്ങളോ, പ്രവർത്തനങ്ങളോ വെച്ചുപൊറുപ്പിക്കാൻ തങ്ങൾക്ക് താത്പര്യമില്ല. അതുകൊണ്ടുതന്നെ ഇത്തരം ശക്തികൾക്കെതിരെ ശക്തമായ നടപടി കടുപ്പിക്കുമെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ഉറപ്പ് നൽകി. കഴിഞ്ഞ ദിവസവും ഇക്കാര്യത്തെക്കുറിച്ച് അദ്ദേഹവുമായി ചർച്ച നടത്തിയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ഇന്ത്യയുടെയും ഓസ്‌ട്രേലിയയുടെയും ഉഭയകക്ഷി ബന്ധം കൂടുതൽ ഊഷ്മളമാക്കുന്നതിനായി വിവിധ വിഷയങ്ങളിലാണ് ഇരു പ്രധാനമന്ത്രിമാരും തമ്മിൽ ചർച്ച നടത്തിയത്. പുനരുപയോഗിക്കാവുന്ന ഊർജ്ജം, പ്രതിരോധം, സുരക്ഷ എന്നീ വിഷയങ്ങൾക്കായിരുന്നു ചർച്ചയിൽ പ്രധാന്യം. ചർച്ചകൾക്ക് ശേഷം ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയെ നരേന്ദ്ര മോദി ഇന്ത്യയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ദീപാവലി ആഘോഷങ്ങളിൽ പങ്കെടുക്കാനാണ് ക്ഷണം. പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് ആന്റണി ആൽബനീസ് ഇന്ത്യയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ.

Share
Leave a Comment

Recent News