പതിനൊന്ന് വയസുകാരനെ തെരുവ് നായ കടിച്ചു കൊന്നു

Published by
Brave India Desk

കണ്ണൂർ : തെരുവ് നായ ആക്രമണത്തിൽ പത്ത് വയസുകാരൻ മരിച്ചു. കണ്ണൂർ മുഴപ്പിലങ്ങാട് കെട്ടിനകം പള്ളിക്ക് സമീപമാണ് സംഭവം. എടക്കാട് സ്വദേശി നിഹാലാണ് മരിച്ചത്. സംസാരശേഷിയില്ലാത്ത കുട്ടിയാണ് നിഹാൽ.

ഇന്ന് വൈകീട്ടോടെയാണ് സംഭവം. അഞ്ച് മണി മുതൽ കുട്ടിയെ കാണാനില്ലായിരുന്നു. തുടർന്ന് വീട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. എട്ടരക്ക് ശേഷമാണ് കുട്ടിയെ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് കണ്ടെത്തുന്നത്.

പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ വീട്ടിൽ നിന്ന് അര കിലോമീറ്റർ അകലെ ചോര വാർന്ന നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയുടെ മുഖത്തും കൈകാലുകളും കടിച്ചു പറിച്ച പാടുകളുണ്ട്. അരയ്ക്ക് താഴെയാണ് പരിക്കേറ്റിട്ടുള്ളത്.

ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ചോര വാർന്നാണ് കുട്ടി മരിച്ചത് എന്നാണ് വിവരം. തെരുവ് നായ ആക്രമണമെന്നാണ് പ്രാഥമിക നിഗമനം.  സംസാര ശേഷിയില്ലാത്ത കുട്ടിയായതിനാൽ നിലവിളിക്കാനും സാധിച്ചിട്ടുണ്ടാകില്ല എന്നും നാട്ടുകാർ പറയുന്നു.

നൗഷാദ്(ബഹറൈൻ) – നുസീഫ ദമ്പതികളുടെ മകനാണ് ധർമ്മടം സ്വാമിക്കുന്ന് ജേഴ്‌സീസ് സ്‌പെഷ്യൽ സ്‌കൂൾ വിദ്യാർഥിയായ നിഹാൽ. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Share
Leave a Comment

Recent News