ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മാതാപിതാക്കളുടെ മൃതദേഹങ്ങൾക്കൊപ്പം കണ്ടെത്തിയ കുഞ്ഞിനെ രക്ഷിച്ച് പോലീസ്. ഉത്തർപ്രദേശ് സ്വദേശികളായ കാസിഫ്, ഭാര്യ അമാൻ എന്നിവരുടെ ആറ് ദിവസം പ്രായമായ ആൺ കുഞ്ഞിനെയാണ് രക്ഷിച്ച് ആശുപത്രിയിലാക്കിയത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം ഇവരുടെ മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.
വീട്ടിൽ നിന്നും ദുർഗന്ധം വമിക്കുന്നതായി അയൽ വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എത്തിയതായിരുന്നു പോലീസ്. മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് ദമ്പതികളുടെ മൃതദേഹങ്ങൾ കണ്ടത്. തറയിൽ കിടക്കുന്ന നിലയിൽ ആയിരുന്നു മൃതദേഹങ്ങൾ. അഴുകി തുടങ്ങിയിരുന്നു. ഇതിന് അടുത്തായാണ് കുഞ്ഞിനെ കിടത്തിയിരുന്നത്. ഇരുവരും ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.
മൃതദേഹങ്ങൾക്ക് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക പരിശോധനയിൽ വ്യക്തമായിട്ടുള്ളത്. മൂന്ന് ദിവസമായി കുഞ്ഞ് ആഹാരമില്ലാതെ അവശനിലയിൽ ആയിരുന്നു. പോലീസ് എത്തി സർക്കാർ ഡൂൺ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കാണ് കുഞ്ഞിനെ മാറ്റിയത്.
കുഞ്ഞിന് നിർജ്ജലീകരണം ഉണ്ടായതായി ആശുപത്രി അധികൃതർ അറിയിച്ചു. കുട്ടിയ്ക്ക് ഇത് മറികടക്കുന്നതിനുള്ള ചികിത്സ നൽകിയിട്ടുണ്ട്. നിലവിൽ തീവ്രപരിചരണ വിഭാഗത്തിലാണ് കുട്ടിയുള്ളത്. ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
ജൂൺ എട്ടിനായിരുന്നു ദമ്പതികൾ ആൺ കുഞ്ഞിന് ജന്മം നൽകിയത്. നാല് മാസങ്ങൾക്ക് മുൻപാണ് ഇവർ ഡെറാഡൂണിലേക്ക് താമസം മാറിയത് എന്നാണ് അയൽവാസികളുടെ മൊഴി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Leave a Comment