കൊച്ചി: കേരളത്തിന് അതിവേഗ റെയിൽ വേണമെന്ന് തന്നോട് ആവശ്യപ്പെട്ടത് ഉമ്മൻചാണ്ടി സർക്കാരാണെന്ന് മെട്രോമാൻ ഇ ശ്രീധരൻ. കെ റെയിലിന് പകരമുളള അതിവേഗ റെയിൽപാതയ്ക്കായി പിണറായി സർക്കാർ സമീപിച്ചതിനെക്കുറിച്ച് വിശദീകരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
തിരുവനന്തപുരം മുതൽ കാസർകോഡ് വരെയാണ് ആവശ്യപ്പെട്ടത്. എന്നാൽ കാസർകോഡ് നിന്ന് അധികം യാത്രക്കാരില്ലാത്തതിനാൽ അത് കണ്ണൂർ വരെയാക്കി ചുരുക്കി. 2015 ൽ സാദ്ധ്യതാ റിപ്പോർട്ട്
തയ്യാറാക്കി സമർപ്പിച്ചു. പക്ഷെ അതിന്റെ ജോലി നടന്നില്ല. അതിന് പിന്നാലെയാണ് കെ റെയിൽ പദ്ധതിയുണ്ടാക്കിയതെന്നും ഇ ശ്രീധരൻ പറഞ്ഞു.
ഹൈ സ്പീഡ് അല്ലെങ്കിൽ സെമി സ്പീഡ് റെയിൽവേ ലൈൻ കേരളത്തിന് ആവശ്യമാണെന്ന് ഇ ശ്രീധരൻ പറഞ്ഞു. റോഡ് അപകടങ്ങൾ കൂടി വരികയാണ്. അതിവേഗ റെയിൽ വരികയാണെങ്കിൽ ഇതും കുറയും. കെ റെയിൽ വന്നില്ലെങ്കിൽ ഹൈ സ്പീഡ് റെയിൽ വേണമെന്ന് അർത്ഥമില്ല. ഇക്കാര്യത്തിൽ ഡിഎംആർസി റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്. അത് അടിസ്ഥാനമാക്കി സെമി സ്പീഡ് റെയിൽവേ ലൈൻ യാഥാർത്ഥ്യമാക്കാൻ സാധിക്കുംമെന്ന് അദ്ദേഹം പറഞ്ഞു.
ഒന്നുകിൽ തൂണിൻമേൽ പോകുന്നത് അല്ലെങ്കിൽ ഭൂമിക്ക് അടിയിലൂടെ അങ്ങനെയാണെങ്കിൽ സ്ഥലമെടുപ്പ് അധികം വേണ്ടി വരില്ലെന്ന് ഇ ശ്രീധരൻ ചൂണ്ടിക്കാട്ടി. 20 മീറ്റർ വീതിയിൽ ഭൂമി ഏറ്റെടുത്താൽ മതി. നിർമാണ സമയത്ത് മാത്രമേ ഭൂമി ആവശ്യമുളളു അതിന് ശേഷം ഉടമസ്ഥർക്ക് തന്നെ വിട്ടുകൊടുക്കാം. വലിയ വൃക്ഷങ്ങൾ നടാനോ കെട്ടിടം വെയ്ക്കാനോ സാധിക്കില്ല എന്നേയുളളു. ഭൂമിയിൽ അവർക്ക് വീണ്ടും കൃഷി ചെയ്യാനും പശുക്കളെ മേയ്ക്കാനുമുൾപ്പെടെയുളള ആവശ്യങ്ങൾക്ക് ഉപയോഗിക്കാം കെ റെയിലിന് ആവശ്യമുളളതിൽ അഞ്ചിലൊന്ന് ഭൂമി മാത്രം മതി ഇത്തരം പദ്ധതിക്കെന്നും ഇ ശ്രീധരൻ പറഞ്ഞു.
ഡൽഹി മെട്രോ ഇതേക്കുറിച്ച് സ്റ്റഡി ചെയ്തിട്ടുണ്ട്. ആദ്യ റിപ്പോർട്ട് ഉണ്ടാക്കിയപ്പോൾ നാല് ജാപ്പനീസ് വിദഗ്ധരെ കൊണ്ടുവന്നു. രണ്ടാമത്തെ റിപ്പോർട്ട് ഉണ്ടാക്കിയപ്പോൾ ദക്ഷിണ കൊറിയയിൽ നിന്നുളള നാല് വിദഗ്ധരെ കൊണ്ടുവന്നു. അവർ നൽകിയ സാങ്കേതിക ഉപദേശങ്ങൾ തങ്ങൾക്ക് അറിയാമെന്നും ഇ ശ്രീധരൻ കൂട്ടിച്ചേർത്തു.
നാട്ടുകാരുടെ എതിർപ്പും പാരിസ്ഥിതിക ആഘാതവും കാരണം കെ റെയിൽ നിലവിലെ രീതിയിൽ മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കില്ലെന്ന് ഇ ശ്രീധരൻ ചൂണ്ടിക്കാട്ടി. വിശദമായ കണക്കും എസ്റ്റിമേറ്റും ഉണ്ടാക്കിയിട്ടില്ല. ഇതേ രീതിയിൽ ജോലി നടക്കുന്നത് ഡൽഹിയിലാണ്. റാപ്പിഡ് റെയിൽ ട്രാൻസിറ്റ് പദ്ധതിയാണിത്. താനാണ് അതും തുടങ്ങിയത്. അതുവെച്ച് നോക്കിയാൽ കേരളത്തിൽ കിലോമീറ്ററിന് 200 കോടി രൂപ മാത്രമേ ചിലവ് വരൂ. സ്റ്റേഷനുകളുടെ എണ്ണം കുറച്ചാൽ ചിലവും കുറയും.
തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 420 കിലോമീറ്റർ ആണ് വരിക. കിലോമീറ്ററിന് 200 കോടി രൂപ വെച്ച് കണക്കിലെടുത്താൽ 84000 കോടി രൂപയാണ് ചിലവ് വരുന്നത്. മൊത്തം ചിലവ് ഒരു ലക്ഷം കോടി രൂപയാണ് വരിക. കെ റെയിലിന്റെ രീതിയാണ് അതിന്റെ ചിലവ് കൂട്ടുന്നതെന്നും ഭൂമി ഏറ്റെടുക്കാനും അവിടെ മണ്ണിട്ട് നികത്താനും നിർമാണ പ്രവർത്തനം നടത്താനും ഭാരിച്ച ചിലവാണ് വരികയെന്നും ഇ ശ്രീധരൻ ചൂണ്ടിക്കാട്ടി.
സംസ്ഥാന സർക്കാരിന് വലിയ ബാദ്ധ്യത വരാത്ത മൂന്ന് വഴികളാണ് ഫണ്ടിംഗിനായി തന്റെ പദ്ധതിയിൽ ഉളളതെന്ന് ഇ ശ്രീധരൻ പറഞ്ഞു.
Leave a Comment