തൃശ്ശൂർ: ചരിഞ്ഞ കാട്ടാനയുടെ കൊമ്പ് മുറിച്ചെടുത്ത ശേഷം ജഡം സംസ്‌കരിച്ച സംഭവത്തിൽ ഒന്നാം പ്രതി കീഴടങ്ങി. ആനയുടെ ജഡം കുഴിച്ചിട്ട തോട്ടത്തിന്റെ ഉടമയയായ മണിയൻചിറ റോയ് ആണ് കീഴടങ്ങിയത്. സംഭവ ശേഷം റോയും സംഘവും ഒളിവിൽ ആയിരുന്നു.
ഉച്ചയോടെയായിരുന്നു റോയ് കീഴടങ്ങിയത്. വനംവകുപ്പ് മച്ചാട് റേഞ്ച് ഓഫീസിൽ എത്തിയായിരുന്നു റോയ് കീഴടങ്ങിയത്. റോയ്ക്ക് പുറമേ കേസിലെ മറ്റൊരു പ്രതിയായ സെബിയും കീഴടങ്ങിയിട്ടുണ്ട്. റോയെ ആനയുടെ ജഡം മറവ് ചെയ്യാൻ സഹായിച്ചത് സെബി ആയിരുന്നു.
ഈ മാസം 14 നായിരുന്നു റോയിയുടെ തോട്ടത്തിൽ നിന്നും ആനയുടെ ജഡം കണ്ടെത്തിയത്. റബ്ബർ തോട്ടമായ ഇവിടെ ആനയുടെ ജഡം കുഴിച്ചിട്ടതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ആയിരുന്നു ആനയുടെ ജഡം കണ്ടെത്തിയത്. കൊമ്പുകളിൽ ഒന്ന് മുറിച്ചെടുത്ത ശേഷമായിരുന്നു ആനയുടെ ജഡം മറവ് ചെയ്തത്. ഈ ആനക്കൊമ്പ് വിൽക്കാൻ ശ്രമിച്ച സംഘത്തെ ഇതിനിടെ പോലീസ് പിടികൂടിയിരുന്നു. ഇവരിൽ ഒരാളുടെ പക്കൽ നിന്നായിരുന്നു പോലീസിനെ റോയിയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്.
ആനയുടെ ജഡം മറവ് ചെയ്തതിന് പിന്നാലെ റോയും സംഘവും ഒളിവിൽ പോയിരുന്നു. ഇവർക്കായി ഊർജ്ജിത തിരച്ചിൽ തുടരുകയായിരുന്നു. ഇതിനിടെയായിരുന്നു പ്രതികൾ കീഴടങ്ങിയത്.
അതേസമയം പ്രതികൾ കീഴടങ്ങിയത് അന്വേഷണത്തിൽ ഏറെ നിർണായകമാകും. പ്രതികളെ കണ്ടെത്തിയെങ്കിൽ മാത്രമേ കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരികയുള്ളൂവെന്ന് നേരത്തെ പോലീസ് വ്യക്തമാക്കിയിരുന്നു. കേസിൽ പ്രധാന പ്രതി തന്നെ പിടിയിലായതോടെ കേസുമായി ബന്ധപ്പെട്ട മുഴുവൻ ദുരൂഹതകളും നീങ്ങുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.
Leave a Comment