കൊൽക്കത്ത : ചാന്ദ്രയാൻ-3 വിജയത്തിനുശേഷം നടന്ന ഒരു പൊതു പരിപാടിയിൽ വെച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നടത്തിയ ചില പ്രസ്താവനകൾ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാണ്. ഇന്ദിരാഗാന്ധിയുടെ കാലത്ത് തന്നെ രാകേഷ് റോഷൻ ചന്ദ്രനിൽ പോയിരുന്നു. ചന്ദ്രനിൽ നിന്നും ഇന്ത്യ കാണാൻ എങ്ങനെയുണ്ട് എന്ന് ഇന്ദിരാഗാന്ധി അദ്ദേഹത്തോട് ചോദിച്ചു എന്നിങ്ങനെ നീളുന്ന വൻ മണ്ടത്തരങ്ങൾ ആണ് മമത ബാനർജി പൊതു ചടങ്ങിൽ വച്ച് വിളിച്ചുപറഞ്ഞത്.
“രാകേഷ് റോഷൻ ചന്ദ്രനിൽ എത്തിയപ്പോൾ ഇന്ദിരാഗാന്ധി അദ്ദേഹത്തോട് ചോദിച്ചത് ഞാൻ ഓർക്കുന്നു , ഉപർസേ ഭാരത് കൈസാ ദിഖ്താ ഹേ ആപ്കോ (ബഹിരാകാശത്ത് നിന്ന് ഇന്ത്യ എങ്ങനെ കാണപ്പെടുന്നു?. അപ്പോൾ അദ്ദേഹം മറുപടിയായി പറഞ്ഞു, സാരെ ജഹാൻ സീ അച്ചാ എന്ന്”. ഇങ്ങനെയായിരുന്നു ഒരു പൊതു ചടങ്ങിൽ വച്ച് മമത ബാനർജി പ്രസ്താവിച്ചത്. ബഹിരാകാശ സഞ്ചാരിയായ രാകേഷ് ശർമയെ ആണ് മമത രാകേഷ് റോഷൻ ആക്കി മാറ്റിയത്. യഥാർത്ഥത്തിൽ ബോളിവുഡ് സംവിധായകനും നടൻ ഹൃഥിക് റോഷന്റെ പിതാവുമാണ് രാകേഷ് റോഷൻ. കൂടാതെ രാകേഷ് ശർമ ചന്ദ്രനിൽ പോയിട്ടില്ല എന്നുള്ളതിലും മമതക്ക് മണ്ടത്തരം സംഭവിച്ചു. ബഹിരാകാശത്ത് പോയ രാകേഷ് ശർമയും മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും ആയുള്ള സംഭാഷണം ആണ് മമത ചന്ദ്രനിൽ നടന്നതായി മാറ്റിയത്.
ചാന്ദ്രയാൻ വിഷയത്തെക്കുറിച്ച് പ്രതിപക്ഷ പാർട്ടികളിലെ പല നേതാക്കൾക്കും യാതൊരു ധാരണയും ഇല്ല എന്നുള്ളത് ഇന്നലെ മുതൽ പ്രകടമാണ്. ചാന്ദ്രയാനിലെ ‘യാത്രക്കാരെ’ രാജസ്ഥാൻ കായിക മന്ത്രി അശോക് ചന്ദന ഇന്നലെ അഭിനന്ദിച്ചിരുന്നു. കൂടാതെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനോട് ചാന്ദ്രയാനെക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോൾ, അദ്ദേഹത്തിന് ചോദ്യം എന്തിനെക്കുറിച്ചാണെന്ന് മനസ്സിലാവാതെ കൂടെയുണ്ടായിരുന്ന മന്ത്രിയോട് ചോദിക്കുന്ന കാഴ്ചയും ഇന്നലെ കണ്ടിരുന്നു.
Leave a Comment