ന്യൂഡൽഹി : സെപ്റ്റംബർ അഞ്ചിന് രാജ്യമെങ്ങും ദേശിയ അധ്യാപക ദിനം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. അധ്യാപക ദിനത്തോടനുബന്ധിച്ച് മികച്ച അധ്യാപകർക്കുള്ള രാഷ്ട്രപതിയുടെ അവാർഡുകൾ പ്രഖ്യാപിച്ചു. 75 പേർക്കാണ് 2023 ലെ ദേശീയ അധ്യാപക അവാർഡ് ലഭിച്ചിരിക്കുന്നത്. അധ്യാപക ദിനമായ സെപ്റ്റംബർ 5 ന് ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമു പുരസ്കാരങ്ങൾ സമ്മാനിക്കും.
ദേശീയ അധ്യാപക അവാർഡ് നേടിയ 75 അധ്യാപകരിൽ കേരളത്തിൽ നിന്നുമുള്ള നാല് അധ്യാപകർ ഉൾപ്പെടുന്നുണ്ട്. സ്കൂൾ അധ്യാപക വിഭാഗത്തിൽ തിരുവനന്തപുരം പട്ടത്തെ ഗവ. മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായ ജോസ് ഡി സുജീവ്, പാലക്കാട് കഞ്ചിക്കോട് കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപകനായ മുജീബ് റഹിമാൻ കെ യു എന്നിവരാണ് അവാർഡ് കരസ്ഥമാക്കിയത്. നൈപുണ്യ വികസന മന്ത്രാലയത്തിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും ഉള്ള അധ്യാപകരിൽ പാലക്കാട് മലമ്പുഴയിലെ ഗവ. ഐ.ടി.ഐ. അധ്യാപകനായ ഷിയാദ് എസ്, എറണാകുളം കളമശ്ശേരി, എച്ച്.എം.ടി. കോളനിയിലെ ഗവ. ഐ.ടി.ഐ. യിൽ അധ്യാപകനായ അജിത് എ നായർ എന്നിവരും അവാർഡ് നേടിയിട്ടുണ്ട്.
ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതി ആയിരുന്ന ഡോക്ടർ സർവേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ അഞ്ചിനാണ് ദേശീയ അധ്യാപക ദിനമായി ആചരിക്കുന്നത്. അന്നേദിവസം വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് വിജ്ഞാൻ ഭവനിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ പ്രസിഡന്റ് ദ്രൗപതി മുർമു മികച്ച അധ്യാപകരായി തിരഞ്ഞെടുക്കപ്പെട്ടവർക്കുള്ള അവാർഡുകൾ സമ്മാനിക്കും.
Leave a Comment