ന്യൂഡൽഹി : രണ്ട് ദിവസത്തെ സന്ദർശനത്തിനായി യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ ഡൽഹിയിലെത്തി. യൂറോപ്യൻ യൂണിയൻ കോളേജ് ഓഫ് കമ്മീഷണേഴ്‌സിനൊപ്പം ആണ് പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശനം. ഇന്ത്യ യൂറോപ്പിന്റെ വിശ്വസ്ത സുഹൃത്തും തന്ത്രപരമായ സഖ്യകക്ഷിയുമാണെന്ന് സന്ദർശന വേളയിൽ ഉർസുല വോൺ ഡെർ ലെയ്ൻ വിശേഷിപ്പിച്ചു.
ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ ചർച്ച ചെയ്യുന്നതിനായി യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. ഇന്ത്യ-ഇയു ട്രേഡ് ആൻഡ് ടെക്‌നോളജി കൗൺസിലിന്റെ രണ്ടാം മന്ത്രിതല യോഗവും നിരവധി ഉഭയകക്ഷി മന്ത്രിതല യോഗങ്ങളും ഈ സന്ദർശനത്തിൽ നടക്കും.
സംഘർഷങ്ങളുടെയും തീവ്രമായ മത്സരത്തിന്റെയും ഈ കാലഘട്ടത്തിൽ നമുക്ക് വിശ്വസ്തരായ സുഹൃത്തുക്കളെ ആവശ്യമാണ്. യൂറോപ്പിന്, ഇന്ത്യ അത്തരമൊരു സുഹൃത്തും തന്ത്രപരമായ സഖ്യകക്ഷിയുമാണ്. നമ്മുടെ തന്ത്രപരമായ പങ്കാളിത്തത്തെ അടുത്ത ഘട്ടത്തിലേക്ക് എങ്ങനെ കൊണ്ടുപോകാമെന്ന് ഇന്ത്യൻ പ്രധാനമന്ത്രിയുമായി ചർച്ച നടത്താനായി ഇന്ത്യയിൽ രണ്ടുദിവസം സന്ദർശനം നടത്തും എന്നാണ് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് തന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി അനുപ്രിയ പട്ടേൽ ആണ് യൂറോപ്യൻ കമ്മീഷൻ പ്രസിഡണ്ടിനെ വിമാനത്താവളത്തിൽ സ്വീകരിച്ചത്.
ഉർസുല വോൺ ഡെർ ലെയ്‌നിന്റെ മൂന്നാമത്തെ ഇന്ത്യാ സന്ദർശനമാണിത്. 2022 ഏപ്രിലിൽ ഒരു ഉഭയകക്ഷി ഔദ്യോഗിക സന്ദർശനത്തിനും 2023 സെപ്റ്റംബറിൽ ജി 20 നേതാക്കളുടെ ഉച്ചകോടിയിൽ പങ്കെടുക്കാനും അവർ ഇന്ത്യ സന്ദർശിച്ചിരുന്നു. വിവിധ ബഹുരാഷ്ട്ര യോഗങ്ങളുടെ ഭാഗമായി അവർ പ്രധാനമന്ത്രി മോദിയുമായും നിരവധി തവണ കൂടിക്കാഴ്ചകൾ നടത്തിയിട്ടുണ്ട്. 2004 മുതൽ ഇന്ത്യയും യൂറോപ്യൻ യൂണിയനും തന്ത്രപരമായ പങ്കാളികളാണ്. ഇരു രാജ്യങ്ങളും തന്ത്രപരമായ പങ്കാളിത്തത്തിന്റെ മൂന്നാം ദശകത്തിലേക്ക് കടക്കുമ്പോൾ, പ്രസിഡന്റ് വോൺ ഡെർ ലെയ്‌നിന്റെയും ഇയു കോളേജ് ഓഫ് കമ്മീഷണേഴ്‌സിന്റെയും സന്ദർശനം ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ കാരണമാകുന്നതാണ്.
Discussion about this post