ന്യൂഡൽഹി: പ്രാദേശിക ഭാഷകളെ ശക്തിപ്പെടുത്താൻ ഹിന്ദി ഭാഷയ്ക്ക് കഴിയുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തദ്ദേശീയമായ എല്ലാ ഭാഷകളും നമ്മുടെ പാരമ്പര്യത്തിന്റെ ഭാഗമാണ്. ‘ഹിന്ദി ദിവസ്’ ആശംസകൾ അറിയിക്കവേ അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യസമര കാലത്ത് ആശയവിനിമയം നടത്താനായി പ്രധാനമായി ഉപയോഗിച്ചിരുന്ന ഭാഷ ഹിന്ദി ആയിരുന്നു. ഹിന്ദിയുടെ പ്രാധാന്യം കണക്കിലെടുത്താണ് അന്നത്തെ പ്രധാനമന്ത്രി ആയിരുന്ന ജവഹർലാൽ നെഹ്രു 1949 സെപ്തംബർ 14 ന് ഹിന്ദിയെ ഔദ്യോഗിക ഭാഷയായി അംഗീകരിച്ചത്. അതിനുശേഷം എല്ലാ വർഷവും സെപ്റ്റംബർ 14 ഹിന്ദി ദിവസമായി ആഘോഷിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘എല്ലാ ഭാഷകളെയും ശക്തിപ്പെടുത്തിയാൽ മാത്രമേ നമുക്ക് ശാക്തീകരിക്കപ്പെട്ട ഒരു രാഷ്ട്രം പടുത്തുയർത്താൻ സാധിക്കൂ. എല്ലാ ഭാഷകളും നമ്മുടെ പാരമ്പര്യത്തിന്റെ നിധികൾ ആണ്. പ്രാദേശിക ഭാഷകളെ ശാക്തീകരിക്കാനും പ്രോത്സാഹിപ്പിക്കാനുമുള്ള ഒരു മാധ്യമമായി ഹിന്ദി മാറുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ എല്ലാ ഭാഷകളും ഉപഭാഷകളും നമ്മുടെ പൈതൃകത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ ഔദ്യോഗിക ഭാഷകൾക്ക് വേണ്ടി പാർലമെന്ററി കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും, ഇന്ത്യൻ ഭാഷകളെ ശക്തിപെടുത്താനായി ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക ഭാഷാ വകുപ്പ് നിരന്തരമായി പരിശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Leave a Comment