ശിശുക്ഷേമ സമിതിയില്‍ മുഴുവന്‍ അഴിമതിയും കെടുകാര്യസ്ഥതയും; സര്‍ക്കാര്‍ നടപടിയെടുത്തില്ല; രക്ഷാധികാരി സ്ഥാനം ഒഴിഞ്ഞ് ഗവര്‍ണറുടെ പ്രതിഷേധം

Published by
Brave India Desk

തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയില്‍ മുഴുവന്‍ അഴിമതിയും കെടുകാര്യസ്ഥതയുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിഷയത്തില്‍ സര്‍ക്കാര്‍ നടപടിയെടുക്കാന്‍ തയ്യാറാവാത്തതില്‍ പ്രതിഷേധിച്ച് രക്ഷാധികാരി സ്ഥാനം ഗവര്‍ണര്‍ ഒഴിഞ്ഞു. ശിശുക്ഷേമ സമിതിയില്‍ നടക്കുന്ന അഴിമതിയിലും കാര്യസ്ഥതയിലും പ്രതിഷേധിച്ച് സ്ഥാനം ഒഴിയുന്നതായി രാജ്ഭവന്‍ രേഖാമൂലം സര്‍ക്കാരിനെ അറിയിച്ചു.

ശിശുക്ഷേമ സമിതി അഴിമതിയിലും കെടുകാര്യസ്ഥതയിലും മുങ്ങിയിരിക്കുകയാണെന്നത് സംബന്ധിച്ച് നേരത്തെ നിരവധി പരാതികള്‍ രാജ്ഭവന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഗവര്‍ണര്‍ നേരിട്ട് അന്വേഷണം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തുകയും ഈ പരാതികളില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാല്‍ വിഷയത്തിന്‍മേല്‍ നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാരിനോട് പല തവണ ആവശ്യപ്പെട്ടിട്ടും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു നീക്കവും ഉണ്ടായില്ല. ഇതില്‍ പ്രതിഷേധിച്ചാണ് ഗവര്‍ണര്‍ സമിതിയുടെ രക്ഷാധികാരി സ്ഥാനം ഒഴിഞ്ഞത്.

അതേസമയം, സ്ഥാനം ഒഴിയുന്നതായി കാട്ടി ഗവര്‍ണര്‍ ദിവസങ്ങള്‍ക്ക് മുന്‍പു തന്നെ സര്‍ക്കാരിന് രേഖാമൂലം കത്തുനല്‍കിയിരുന്നു. എന്നാല്‍ ഗവര്‍ണറിന്റെ കത്ത് ലഭിച്ചിട്ടും യാതൊരു മറുപടിയും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല.

ശിശുക്ഷേമ സമിതിയുടെ വെബ്സൈറ്റിലടക്കം ഇപ്പോഴും രക്ഷാധികാരിയുടെ സ്ഥാനത്ത് ഗവര്‍ണറുടെ ചിത്രമാണ്. ഇത് നീക്കം ചെയ്യാത്തതിലുള്ള അതൃപ്തിയും രാജ്ഭവന്‍ പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗികമായ വിശദീകരണം രാജ്ഭവന്റെ ഭാഗത്ത് നിന്നും വന്നിട്ടില്ല.

Share
Leave a Comment

Recent News