കണ്ണുകളിൽ ചുവപ്പ്, നീണ്ടുനിൽക്കുന്ന ചുമ, ചർമ രോഗങ്ങൾ; കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തി

കൊവിഡ് ഭീഷണി ഇനിയും പൂർണമായും അകന്നിട്ടില്ല എന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്

Published by
Brave India Desk

ന്യൂഡൽഹി: വലിയ തോതിൽ ജനിതക വ്യതിയാനം വന്ന കൊവിഡിന്റെ പുതിയ വകഭേദമായ ബിഎ.2.86 കണ്ടെത്തി. പിരോള എന്നാണ് ഈ വകഭേദത്തിന് നൽകിയിരിക്കുന്ന പേര്. കേസുകളുടെ എണ്ണത്തിൽ വലിയ തോതിൽ വർദ്ധനവ് ഉണ്ടാക്കുന്നില്ലെങ്കിലും, കൊവിഡിന്റെ ലക്ഷണങ്ങൾക്ക് വലിയ തോതിൽ മാറ്റങ്ങൾ സംഭവിക്കുകയാണെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു. രോഗികളുടെ മുഖത്തെ ബാധിക്കുന്ന തരത്തിലാണ് കൊവിഡിന്റെ പുതിയ ലക്ഷണങ്ങൾ.

പിരോള വകഭേദത്തിന്റെ ആദ്യലക്ഷണങ്ങൾ രുചിയില്ലായ്മയും ഗന്ധമില്ലായ്മയുമാണ്. കൂടാതെ ചുമയും ശ്വാസമെടുക്കാൻ പ്രയാസവും അനുഭവപ്പെടും. എന്നാൽ ഈ ലക്ഷണങ്ങൾ താരതമ്യേന ദുർബലമായിരിക്കും. വയറിളക്കം, തളർച്ച, ശരീര വേദന, കടുത്ത പനി, ക്ഷീണം, മൂക്കൊലിപ്പ്, തൊണ്ട വേദന തുടങ്ങിയവയാണ് കടുത്ത ലക്ഷണങ്ങൾ.

മുൻ വകഭേദങ്ങളിൽ നിന്നും വ്യത്യസ്തമായി, കണ്ണിൽ ചൊറിച്ചിലും ചുവപ്പും ചർമ്മ രോഗങ്ങളും പിരോളയുടെ ലക്ഷണങ്ങളാണ്. ശ്വസനവ്യവസ്ഥയുടെ മുകൾ ഭാഗത്തെയാണ് ഈ വകഭേദം ബാധിക്കുന്നത്. മൂക്കും തൊണ്ടയുമാണ് പ്രധാനമായും ബാധിക്കപ്പെടുക.

എല്ലാവരിലേക്കും അതിവേഗം പ്രതിരോധ കുത്തിവെപ്പ് എത്തിക്കുക എന്നതാണ് ഈ വകഭേദത്തെ പ്രതിരോധിക്കാനുള്ള പ്രധാന മാർഗം. പ്രായമായവരെയും കുട്ടികളെയുമാണ് കൂടുതലായും പുതിയ വകഭേദം ബാധിക്കുന്നത്. കൊവിഡ് ഭീഷണി ഇനിയും പൂർണമായും അകന്നിട്ടില്ല എന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നതെന്ന് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നു.

ആൾത്തിരക്കുള്ള സ്ഥലങ്ങളിൽ പോകുമ്പോൾ മാസ്ക് ധരിക്കുക എന്നത് പ്രധാനമാണ്. ഒമിക്രോണിൽ നിന്നും ജനിതക വ്യതിയാനം സംഭവിച്ച പിരോള, ജൂലൈ മാസത്തിലാണ് ആദ്യമായി കണ്ടെത്തിയത്. ദഹനക്കേട്, കൈകാലുകളിൽ നീര്, വ്രണങ്ങൾ, തലകറക്കം, ബോധക്ഷയം എന്നീ ലക്ഷണങ്ങളും ചില രോഗികളിൽ കാണപ്പെടുന്നു.

Share
Leave a Comment

Recent News