ഇന്ത്യൻ കോടീശ്വര കുടുംബം അമേരിക്കയിൽ മരിച്ച നിലയിൽ ; ആത്മഹത്യയെന്ന് സംശയം

Published by
Brave India Desk

ന്യൂയോർക്ക് : ഇന്ത്യൻ കോടീശ്വര കുടുംബത്തെ അമേരിക്കയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ത്യൻ വംശജരായ ദമ്പതികളെയും അവരുടെ കൗമാരക്കാരിയായ മകളെയുമാണ് മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. യുഎസ് സംസ്ഥാനമായ മസാച്യുസെറ്റ്‌സിലെ ഇവരുടെ ആഡംബര വസതിയിൽ വച്ചാണ് കുടുംബം മരണപ്പെട്ടത്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം.

 

57 വയസ്സുകാരനായ രാകേഷ് കമാൽ , ഭാര്യ ടീന (54), അവരുടെ 18 വയസ്സുള്ള മകൾ അരിയാന എന്നിവരുടെ മൃതദേഹങ്ങളാണ് വീടിനുള്ളിൽ നിന്നും കണ്ടെത്തിയത്. മസാച്ചുസെറ്റ്‌സിന്റെ തലസ്ഥാനമായ ബോസ്റ്റൺ നഗരത്തിന്റെ തെക്കുപടിഞ്ഞാറായി ഏകദേശം 32 കിലോമീറ്റർ അകലെയുള്ള ഡോവർ നഗരത്തിലാണ് കോടികൾ വിലമതിക്കുന്ന ഇവരുടെ ആഡംബര വസതി സ്ഥിതി ചെയ്തിരുന്നത്.

 

വെടിയേറ്റ നിലയിലായിരുന്നു ഈ കുടുംബത്തെ കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക് സമീപത്തു നിന്നും തോക്കും കണ്ടെത്തി. എഡുനോവ എന്ന പേരിൽ ഒരു വിദ്യാഭ്യാസ സ്ഥാപനം നടത്തിയിരുന്ന വ്യക്തിയായിരുന്നു കുടുംബനാഥനായ രാകേഷ് കമാൽ. കഴിഞ്ഞ കുറച്ചുകാലങ്ങളായി ഇവർ വലിയ സാമ്പത്തിക ബാധ്യതയിലായിരുന്നു എന്നും ബിസിനസുകൾ അവസാനിപ്പിക്കേണ്ടി വന്നിരുന്നു എന്നും പോലീസ് അറിയിച്ചു. ഈ സാമ്പത്തിക പ്രതിസന്ധി ആയിരിക്കാം ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പോലീസ് നിഗമനം.

Share
Leave a Comment

Recent News