ചുമയെ പലപ്പോഴും വളരെ നിസ്സാരമായാണ് നമ്മൾ പലരും എടുക്കാറുള്ളത്. കടുത്ത ബുദ്ധിമുട്ട് ഉണ്ടാക്കുമ്പോഴോ കൂടുതൽ കാലം നീണ്ടുനിൽക്കുമ്പോഴോ മാത്രമാണ് പലരും ചുമയെ ഒരു രോഗാവസ്ഥയായി കണക്കാക്കാറുള്ളത്. ഈ കാരണത്താൽ തന്നെ ചുമ വരുമ്പോൾ പലരും ഡോക്ടറെ കാണാതെ സ്വയം ചികിത്സ നടത്തി ഒഴിവാക്കുകയാണ് ചെയ്യാറുള്ളത്. എന്നാൽ ചുമ 50ലേറെ രോഗങ്ങളുടെ ലക്ഷണമായി പ്രകടമാകാറുണ്ട് എന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.
കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ മൂലം ഉണ്ടാകുന്ന ചുമ സാധാരണയായി വർഷത്തിൽ രണ്ടോ മൂന്നോ തവണ മാത്രമായിരിക്കും വരിക. മറ്റു പലപ്പോഴും ഉണ്ടാകുന്ന ചുമ മലിനമായ ജീവിത സാഹചര്യങ്ങളും പുകവലി പോലെയുള്ള ശീലങ്ങളും അടുക്കളയിൽ നിന്നോ മറ്റുമുള്ള പുകയും അന്തരീക്ഷ മലിനീകരണവും എല്ലാം മൂലം ഉണ്ടാകാറുണ്ട്. എന്നാൽ ഇതു കൂടാതെ ശ്വസന സംബന്ധമായ പ്രശ്നങ്ങൾ മുതൽ ക്യാൻസറിന്റെ ലക്ഷണമായി വരെ ചുമ ഉണ്ടാകാറുണ്ട്.
രാസമാലിന്യങ്ങൾ കലർന്ന വായു ശ്വസിക്കുന്നത് പലപ്പോഴും ശ്വസന സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കുകയും അത് ചുമയിലൂടെ പ്രകടിപ്പിക്കപ്പെടുകയും ചെയ്യാറുണ്ട്. പ്ലാസ്റ്റിക് മാലിന് കത്തിക്കുമ്പോൾ ഉണ്ടാകുന്ന പുക ശ്വസിക്കുന്നത് വിഷാംശങ്ങളുള്ള രാസപദാർത്ഥങ്ങളാണ് നിങ്ങളുടെ ശ്വാസകോശത്തിൽ എത്തിച്ചേരുക. അതുപോലെതന്നെ സിഗരറ്റ് ബീഡി എന്നിവയുടെ ഉപയോഗവും വലിയ അപകടം വിളിച്ചു വരുത്തുന്നതാണ്. പുക വലിക്കുന്നവരെക്കാൾ കൂടുതൽ പ്രശ്നം അനുഭവിക്കുക പുക വലിക്കുന്നവർക്ക് സമീപം ഇരിക്കുന്നവരാണെന്ന് ഓർക്കണം. വീട്ടിൽ കുട്ടികൾ ഉണ്ടെങ്കിൽ ഈ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
തുടർച്ചയായി നിലനിൽക്കുന്ന ചുമ ആയാലും വിട്ടുവിട്ട് മാറിവരുന്ന ചുമ ആയാലും ഒരുപോലെ തന്നെ അപകടകാരിയാണ്. ചുമയുടെ യഥാർത്ഥ കാരണം കണ്ടെത്തി ചികിത്സിക്കുക എന്നുള്ളതാണ് പ്രതിവിധി. അതിനാൽ തന്നെ അസാധാരണമായ രീതിയിൽ ചുമ വരാറുണ്ടെങ്കിൽ നിസാരമായി കണ്ടു സ്വയം ചികിത്സ നടത്താതെ എത്രയും പെട്ടെന്ന് ഒരു ശ്വാസകോശ രോഗ വിദഗ്ധന്റെ സഹായം തേടി ചികിത്സ ലഭ്യമാക്കേണ്ടതാണ്.
Leave a Comment