അധിക്ഷേപ പരാമർശത്തിൽ മാപ്പ് പറഞ്ഞില്ല; കെ.കെ ശൈലജയ്‌ക്കെതിരെ ഡിജിപിയ്ക്ക് പരാതി നൽകി ഷാഫി പറമ്പിൽ

Published by
Brave India Desk

കോഴിക്കോട്: വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ ശൈലജയ്‌ക്കെതിരെ ഡിജിപിയ്ക്ക് പരാതി നൽകി യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ. അധിക്ഷേപിച്ചുകൊണ്ട് നടത്തിയ പരാമർശങ്ങളിൽ മാപ്പ് പറയില്ലെന്ന് ശൈലജ നിലപാടെടുത്തതോടെയായിരുന്നു അദ്ദേഹം പരാതി നൽകിയത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെയും ഡിജിപിയ്ക്ക് പരാതി നൽകിയിട്ടുണ്ട്.

അശ്ലീല വീഡിയോ പ്രചരിപ്പിച്ചെന്ന പേരിൽ നടത്തിയ പരാമർശങ്ങളിൽ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ഷാഫി പറമ്പിൽ ശൈലജയ്ക്ക് കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയിരുന്നു. 24 മണിക്കൂറിനുള്ളിൽ പരാമർശം പിൻവലിച്ച് മാപ്പ് പറയണം എന്നായിരുന്നു നോട്ടീസിലെ നിർദ്ദേശം. എന്നാൽ മാപ്പ് പറയില്ലെന്ന് ശൈലജ പറയുകയായിരുന്നു.

വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് തന്റെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഷാഫി പരാതി നൽകിയിരിക്കുന്നത്. എതിർ സ്ഥാനാർഥിക്കെതിരെയുള്ള വ്യാജ പ്രചാരണം നടത്തിക്കൊണ്ടുള്ള തെരഞ്ഞെടുപ്പ് മാതൃക പെരുമാറ്റചട്ടത്തിന്റെ ലംഘനവും ഗുരുതര കുറ്റകൃത്യവുമാണ്. അതിനാൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വ്യവസ്ഥകൾ പ്രകാരം കേസ് എടുക്കണം എന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

ഏപ്രിൽ 16 ന് നടത്തിയ പത്രസമ്മേളനത്തിൽ ആയിരുന്നു ശൈലജ എതിർ സ്ഥാനാർത്ഥിയും സംഘവും അശ്ലീല വീഡിയോ പ്രചരിപ്പിച്ചെന്ന പേരിൽ പരാമർശം നടത്തിയത്. ഇതിന് പിന്നാലെ മറ്റ് സിപിഎം നേതാക്കളും വിമർശനവുമായി രംഗത്ത് എത്തി. രൂക്ഷമായ സൈബർ ആക്രമണം ആയിരുന്നു സഖാക്കൾക്ക് കോൺഗ്രസിന് നേരെ അഴിച്ചുവിട്ടിരുന്നത്. ഇതിനിടെ കഴിഞ്ഞ ദിവസം അശ്ലീല വീഡിയോ ഉണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി ശൈലജ തന്നെ രംഗത്ത് എത്തിയിരുന്നു. ഇതോടെയാണ് ഷാഫി നിയമ നടപടി സ്വീകരിച്ചത്.

Share
Leave a Comment

Recent News