ലഖ്‌നൗ : നിയമവിരുദ്ധ മതപരിവർത്തനം, ദേശവിരുദ്ധ പ്രവർത്തനങ്ങൾ എന്നീ കുറ്റങ്ങൾ ചുമത്തി യുപി എടിഎസ് അറസ്റ്റ് ചെയ്ത ചങ്കൂർ ബാബ എന്ന ജമാലുദ്ദീനെതിരെയുള്ള കുരുക്ക് മുറുന്നു. എടിഎസിന് പുറമേ ഇഡിയും അന്വേഷണം ശക്തമാക്കി. ചങ്കൂർ ബാബയ്ക്ക് പുറമേ അദ്ദേഹത്തിന്റെ കൂട്ടാളികളുടെ സ്വത്തുക്കളിലും ഇഡി അന്വേഷണം ആരംഭിച്ചു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇഡി ചങ്കൂർ ബാബയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.
അതേസമയം, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ജമാലുദ്ദീനെതിരെ കടുത്ത നടപടികൾ ആരംഭിച്ചു. ഇയാളുടെ പല പ്രധാന വസ്തുവകകളിലും ഇന്ന് ഉത്തർപ്രദേശ് സർക്കാരിന്റെ ബുൾഡോസറുകൾ കയറിയിറങ്ങി. പ്രതികളുടെയും മതപരിവർത്തന സംഘവുമായി ബന്ധപ്പെട്ട എല്ലാ കുറ്റവാളികളുടെയും സ്വത്തുക്കൾ കണ്ടുകെട്ടുമെന്നും അവർക്ക് ശിക്ഷ നൽകുമെന്നും അത് സമൂഹത്തിന് ഒരു മാതൃകയാകുമെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.
യുപിയിലെ ബൽറാംപൂരിൽ നടന്ന ഒരു വൻ മതപരിവർത്തന റാക്കറ്റിന്റെ സൂത്രധാരനും സ്വയം പ്രഖ്യാപിത ആൾദൈവവുമായ ചങ്കൂർ ബാബയെ കഴിഞ്ഞയാഴ്ചയാണ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തത്.
ചങ്കൂർ ബാബ എന്ന ജമാലുദ്ദീന് ഇന്ത്യയിൽ മതപരിവർത്തനം നടത്തുന്നതിനായി ഗൾഫ് രാജ്യങ്ങളിൽ നിന്നും വലിയ രീതിയിൽ ഫണ്ട് ലഭിച്ചതായി അന്വേഷണസംഘം കണ്ടെത്തി. 40 അക്കൗണ്ടുകളിലായി 100 കോടിയോളം രൂപയാണ് ഇയാളുടെ സമ്പാദ്യം. ഇതിൽ 6 അക്കൗണ്ടുകൾ വിദേശത്താണ് ഉള്ളത്. വ്യാജ രേഖകൾ ഉപയോഗിച്ച് സൃഷ്ടിച്ച 40 ഷെൽ കമ്പനികളുടെ പേരിലാണ് ഈ അക്കൗണ്ടുകൾ തുറന്നിട്ടുള്ളത്. ഇത്തരത്തിൽ ലഭിച്ച പണം ഉപയോഗിച്ച് ഇയാൾ ഉത്തർപ്രദേശിലും നാഗ്പൂരിലും പൂനെയിലും വലിയ തോതിൽ ഭൂമി വാങ്ങിക്കൂട്ടിയതായി ഇഡി കണ്ടെത്തിയിട്ടുണ്ട്. ഈ സ്വത്തുക്കളുടെ കണ്ടുകെട്ടൽ നടപടികൾ പുരോഗമിക്കുകയാണ് എന്ന് ഇഡി അറിയിച്ചു.
Discussion about this post