ഭോപ്പാൽ: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ മദ്ധ്യപ്രദേശിൽ ശക്തമായ തിരിച്ചടി നേരിട്ട് കോൺഗ്രസ്. ഇൻഡോർ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി അക്ഷയ് കാന്തി ബാം നാമനിർദ്ദേശ പത്രിക പിൻവലിച്ചു. ഇതിന് പിന്നാലെ അദ്ദേഹം ബിജെപിയിൽ ചേർന്നു.
ഉച്ചയോടെയായിരുന്നു മണ്ഡലത്തിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ബിജെപി എംഎൽഎ രമേഷ് മണ്ഡോലയ്‌ക്കൊപ്പം എത്തിയായിരുന്നു അദ്ദേഹം നാമനിർദ്ദേശ പത്രിക പിൻവലിച്ചത്. ഇതിന് തൊട്ട് പിന്നാലെ പാർട്ടി ആസ്ഥാനത്ത് എത്തി ബിജെപി അംഗത്വം സ്വീകരിക്കുകയായിരുന്നു. ശങ്കർ ലാവ്ണിയാണ് ഇൻഡോറിലെ ബിജെപിയുടെ സ്ഥാനാർത്ഥി.
കോൺഗ്രസ് നേതൃത്വവുമായി നിലനിന്നിരുന്ന അസ്വാരസ്യങ്ങളുടെ തുടർച്ചയെന്നോണമാണ് അക്ഷയ് പാർട്ടിവിട്ടത് എന്നാണ് സൂചന. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇൻഡോറിലെ നാലാം നിയമസഭ സീറ്റ് തനിക്ക് നൽകണമെന്ന് അക്ഷയ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ നൽകിയിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് ചില ഭിന്നതകൾ നിലനിന്നിരുന്നു.
നേരത്തെ ഗുജറാത്തിലെ സൂറത്തിലും കോൺഗ്രസ് സ്ഥാനാർത്ഥി നാമനിർദ്ദേശം പിൻവലിക്കുകയും ബിജെപിയിൽ ചേരുകയും ചെയ്തിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് മദ്ധ്യപ്രദേശിലും സമാന സംഭവം ഉണ്ടാകുന്നത്.
Leave a Comment