ജാമ്യമില്ല; അരവിന്ദ് കെജ്രിവാൾ നാളെ തന്നെ തിഹാർ ജയിലിലേക്ക് മടങ്ങണം

Published by
Brave India Desk

ന്യൂഡൽഹി: മദ്യനയക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഇടക്കാലജാമ്യഹർജി പരിഗണിക്കുന്നത് വീണ്ടും മാറ്റി. ജൂൺ 5ലേക്കാണ് ഹർജി പരിഗണിക്കുന്നത് മാറ്റിയത്. ജാമ്യപേക്ഷ പരിഗണിക്കുന്നത് മാറ്റിയതുകൊണ്ട് തന്നെ കേസ് കെജ്രിവാളിന് നാളെ തന്നെ തിഹാർ ജയിലിലേക്ക് മടങ്ങേണ്ടി വരും.

ആരോഗ്യാവസ്ഥ ചൂണ്ടിക്കാട്ടി ഇടക്കാല ഹർജി നീട്ടിനൽകണമെന്ന് ആവശ്യപ്പെട്ടാണ് കെജ്രിവാൾ കോടതിയെ സമീപിച്ചത്. കെജ്രിവാളിന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും ചികിത്സ ആവശ്യമാണെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ, കെജ്രിവാളിന്റെ ആരോഗ്യ സ്ഥിതിയിൽ പ്രശ്‌നങ്ങളില്ലെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ ധരിപ്പിച്ചു. ആരോഗ്യാവസ്ഥയുമായി ബന്ധപ്പെട്ട് എന്തെങ്കിലും ആവശ്യം വന്നാൽ എംയിസിലേക്കോ മറ്റേതെങ്കിലും ആശുപത്രികളിലേക്കോ കൊണ്ടു പോകാമെന്നും ഇഡി അറിയിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഈ മാസം ആദ്യം കെജ്രിവാളിന് 21 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് 21 ദിവസത്തെ സമയമാണ് സുപ്രീം കോടതി നൽകിയത്. എന്നാൽ, ജാമ്യം നീട്ടണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി നൽകിയെങ്കിലും ഹർജി തള്ളി. ജാമ്യത്തിനായി വിചാരണ കോടതിയെ സമീപിക്കാനായിരുന്നു കോടതി നിർദേശം. ഇതേതുടർന്നാണ് അദ്ദേഹം വിചാരണ കോടതിയെ സമീപിച്ചത്. ജയിലിൽ പോകുമ്പോൾ 70 കിലോ ആയിരുന്ന തന്റെ ഭാരം 64 കിലോ ആയെന്നും ജയിൽ മോചിതനായിട്ടും വണ്ണം വയ്ക്കുന്നില്ലെന്നും അദ്ദേഹം ജാമ്യ ഹർജിയിൽ വ്യക്തമാക്കി. ശരീരത്തിലുണ്ടാകുന്ന ഗുരുതരമായ രോഗങ്ങളുടെ ലക്ഷണമാകാം ഇത് എന്നാണ് ഡോക്ടർമാർ പറയുന്നത്. നിരവധി പരിശോധനകൾ നടത്തേണ്ടതുണ്ട് എന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.

Share
Leave a Comment

Recent News