വയനാട്: തലപ്പുഴ മക്കിമലയിൽ കുഴിച്ചിട്ട നിലയിൽ സ്‌ഫോടക ശേഖരം കണ്ടെത്തിയ സംഭവത്തിന് പിന്നിൽ കമ്യൂണിസ്റ്റ് ഭീകരരെന്ന് സൂചന. ഇതിന്റെ അടിസ്ഥാനത്തിൽ കമ്യൂണിസ്റ്റ് ഭീകരരെ പ്രതിചേർത്ത് കേസ് എടുത്തു. തണ്ടർബോൾട്ടിനെ അപായപ്പെടുത്തുക ലക്ഷ്യമിട്ടുകൊണ്ടാണ് സ്‌ഫോടക ശേഖരം സ്ഥാപിച്ചത് എന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തിൽ കേസ് എടുത്തതിന് പിന്നാലെ പോലീസ് എഫ്‌ഐആറും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
യുഎപിഎയിലെ വിവിധ വകുപ്പുകൾ പ്രകാരം ആണ് കേസ് എടുത്തത്. കമ്യൂണിസ്റ്റ് ഭീകര നേതാവ് ആയിരുന്ന കവിതയുടെ മരണത്തിന് പകരം ചോദിക്കാനോ, ശക്തി തെളിയിക്കാനോ ആകാം ബോംബ് വച്ചതെന്നാണ് പോലീസിന്റെ വിലയിരുത്തൽ. കണ്ണൂർ അയ്യൻ കുന്ന് ഊരുപ്പുകുറ്റിയിലുണ്ടായ ഏറ്റുമുട്ടലിൽ ആണ് തണ്ടർബോൾട്ട് കവിതയെ വധിച്ചത്. ഏറ്റുമുട്ടലിൽ പരിക്കേറ്റ കവിത ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ കവിതയുടെ മരണത്തിൽ പകരം ചോദിക്കുമെന്ന് വ്യക്തമാക്കി കമ്യൂണിസ്റ്റ് ഭീകരർ പോസ്റ്ററുകൾ പതിപ്പിച്ചിരുന്നു. രക്തക്കടങ്ങൾ രക്തത്താൽ പകരം വീട്ടുമെന്നായിരുന്നു പോസ്റ്റർ. ഇതിന് പിന്നാലെയാണ് കുഴിച്ചിട്ട നിലയിൽ സ്‌ഫോടക ശേഖരം കണ്ടെത്തിയത്. ഇത് പിന്നീട് നിർവ്വീര്യമാക്കി.
കബനി ദളത്തിന്റെ കമാൻഡർ സി.പി മൊയ്തീൻ ബോംബ് നിർമാണത്തിൽ പരിശീലനം നേടിയിട്ടുണ്ട്. ഇയാളുടെ നേതൃത്വത്തിലാണ് സ്‌ഫോടക ശേഖരം കുഴിച്ചിട്ടത് എന്നാണ് സൂചന. 2014ൽ തിരുനെല്ലിയോട് ചേർന്നുള്ള കർണാടക അതിർത്തിയിൽ വച്ച് ബോംബുണ്ടാക്കുന്നതിനിടെയാണ് മൊയ്തീന്റെ ഒരു കൈപ്പത്തി തകർന്നത്. തണ്ടർബോൾട്ട് പതിവായി പരിശോധന നടത്തുന്ന വഴിയിലാണ് ഉഗ്രശേഷിയുള്ള സ്‌ഫോടക ശേഖരം കണ്ടെത്തിയത്. ഇതാണ് ഇവർ തണ്ടർബോൾട്ടിനെ ലക്ഷ്യമിട്ടാകാമെന്ന നിഗമനത്തിൽ പോലീസ് എത്തിയതിന് കാരണം. മുപ്പത് മീറ്റർ അകലേക്ക് മണ്ണിനടിയിലൂടെ വലിച്ച വയറുകൾ ഒരു മരത്തിന് താഴെയാണ് അവസാനിക്കുന്നത്.
ഒരു വർഷത്തിനിടെ പലപ്പോഴായി തലപ്പുഴയിൽ കമ്യൂണിസ്റ്റ് ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായിട്ടുണ്ട്. തലപ്പുഴ കമ്പമല, മക്കിമല എന്നീ പ്രദേശങ്ങളിൽ കമ്യൂണിസ്റ്റ് ഭീകരരുടെ സാന്നിദ്ധ്യം ശക്തമാണ്.
Leave a Comment