കോഴിക്കോട്: മഴക്കാലമിങ്ങ് എത്തിയാൽ കളക്ടർമാരുടെ ഫേസ്ബുക്ക് പേജിൽ പതിവില്ലാത്ത കുശലാന്വേഷണമാണ്. സ്‌കൂളിന് ലീവുണ്ടോ എന്നാണ് വൈകുന്നേരമാവുമ്പോൾ എല്ലാവർക്കും അറിയേണ്ടത്. കമന്റ് ബോക്‌സിൽ ചോദ്യങ്ങളുമായി കുട്ടികളെത്തും. മഴ കാരണമാക്കി സ്‌കൂളിൽ പോകാൻ മടി കാണിക്കുന്ന എല്ലാ കുട്ടികൾക്കും സ്‌നേഹോപദേശം നൽകിയിരിക്കുകയാണ് ജില്ലാ കളക്ടറായ സ്‌നേഹിൽ കുമാർ.
അവധി രസമാണ്, എന്നാൽ പഠനം അതിലേറെ രസമുള്ളതല്ലേ! മഴ നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്, പഠനവും. മഴയോടൊത്ത് ജീവിക്കാൻ ശീലിച്ചവരാണ് നമ്മൾ, മഴയാണ് എന്ന് കരുതി നമ്മൾ നമ്മുടെ ഉത്തരവാദിത്തങ്ങൾ മാറ്റിവെക്കാറില്ലല്ലോ. എന്ന് കളക്ടർ ചോദിക്കുന്നു.
മഴക്കാലത്ത് ഏതൊക്കെ സാഹചര്യങ്ങളിലാണ് അവധി പ്രഖ്യാപിക്കുക എന്ന് കളക്ടർ ഫേസസ്ബുക്ക് പോസ്റ്റിലൂടെ വിശദീകരിച്ചു. കുട്ടികളുടെ സുരക്ഷയ്ക്കാണ് തങ്ങൾ എപ്പോഴും പ്രാധാന്യം നൽകുന്നതെന്നും എന്നാൽ അതിനൊപ്പം പരമാവധി അധ്യയനദിനങ്ങൾ സംരക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.എൻ.എൻ. കക്കാടിന്റെ സഫലമീയാത്ര എന്ന കവിതയിലെ ‘കാലമിനിയുമുരുളും വിഷു വരും….’ എന്നുതുടങ്ങുന്ന വരികൾക്കൊപ്പം ‘വിദ്യാധനം സർവധനാൽ പ്രധാനം’ എന്ന വചനം കൂടി പറഞ്ഞുകൊണ്ടാണ് കോഴിക്കോട് ജില്ലാ കളക്ടർ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
Leave a Comment