മലയാളിക്ക് കര്‍ക്കിടകം, കള്ളക്കര്‍ക്കിടകവും പഞ്ഞക്കര്‍ക്കിടവുമൊക്കെയാണ്. വീടിന്റെ കോലായകളില്‍ രാമായണ ശീലുകള്‍ മുഴങ്ങുന്ന പുണ്യമാസം.സമൃദ്ധിയുടെ നല്ല നാളുകള്‍ക്ക് വേണ്ടി പ്രാർത്ഥനയോടെ കഴിയുന്ന കാലം.
മലബാറിലെ ചിലയിടങ്ങളില്‍ കര്‍ക്കടകത്തിന് സ്വാഗതമോതുന്നത് കാര്‍ഷിക മൂര്‍ത്തിയായ കലിയനെ വരവേറ്റുകൊണ്ടാണ്. കർക്കിടകത്തിലെ കഷ്ടപ്പാടും ബുദ്ധിമുട്ടും ഒഴിവാക്കാനും വീട്ടിൽ ഐശ്വര്യവും സമ്പദ്‌സമൃദ്ധിയും പുലരുവാനും നടത്തുന്ന ചടങ്ങാണ് കലിയന് കൊടുക്കൽ ചടങ്ങ്. കലിയനെ പ്രസാദിപ്പിച്ചാൽ അനിഷ്ടകാരിയായ ചേട്ടാ ഭഗവതി പുറത്ത് പോകുമെന്നാണ് വിശ്വാസം. ഇതിനായി ഏറെ കൗതുകമുണർത്തുന്ന ചടങ്ങാണ് നടത്തുന്നത്.തെക്കന്‍ കേരളത്തിലെ ശീവോതിക്ക് കൊടുക്കലിനോട് സാമ്യം ഉള്ളതാണ് ഈ ചടങ്ങ്.
ഇതിനായി ആദ്യം വീട് അടിച്ചുവൃത്തിയാക്കി, വലയടിച്ച് , വെള്ളം തളിച്ച് , തുടച്ച് ശുദ്ധമാക്കി, പൊട്ടിയ കലം, പഴയ വസ്ത്രം, കുറ്റിച്ചൂല് എന്നിവ പഴമുറത്തിലാക്കി വീടിന് പുറത്ത് ദൂരെ കൊണ്ടുപോയി കളയുന്നു. വീട്ടിലെ അശ്രീകരമായ വസ്തുക്കൾ കളയുന്നതോടെ ഐശ്വര്യദേവതയ്‌ക്ക് വഴിയൊരുങ്ങുന്നുവെന്നാണ് വിശ്വാസം. തുടർന്ന് വാഴത്തടയും ഈർക്കിലും ഉപയോഗിച്ച് ഒരു കൂടുണ്ടാക്കും. പശുക്കളെ പാർപ്പിക്കാനുള്ള ആലയാണിതെന്നാണ് സങ്കൽപ്പം. പ്ലാവിൻ ചുവട്ടിലാണ് കൂടുണ്ടാക്കുക. അതിന് സമീപമായി ഏണി, ഉണ്ടാക്കിവെക്കും. പഴുത്ത പ്ലാവില കൊണ്ട് വലിയ ചെവികളുള്ള പശുക്കളും പാത്രങ്ങളുമൊരുക്കും.ഈന്തും, ചക്കപ്പുഴുക്കും, കിഴങ്ങും, കടലയും തേങ്ങാപ്പൂളും എന്നുവേണ്ട കലിയന് ഇഷ്ടമുള്ളതെല്ലാം ഒരുക്കുന്നു.
മുറത്തിൽ നാക്കില വിരിച്ച് അതിൽ കൂടും ഏണിയും പ്ലാവില കൊണ്ടുണ്ടാക്കിയ വസ്തുക്കളും എടുത്ത് വെച്ച് ഇലയിൽ ചോറും കറികളും വിളമ്പിവെയ്‌ക്കും. സന്ധ്യ മയങ്ങിയാൽ വീട്ടിലെ മുതിർന്നയാൾ ചൂട്ടുകത്തിച്ച് മുൻപിൽ നടക്കും. അതിന് പിന്നിലായി കിണ്ടിയിൽ വെള്ളവും ,മുറവുമായി കുടുംബത്തിലെ മറ്റ് അംഗങ്ങളും പിന്നാലെ നടക്കും.
കലിയാ കലിയാ.. കൂ കൂ. ചക്കേം മാങ്ങേം താ താ…. നെല്ലും വിത്തും താ…. താ… ആലേം പൈക്കളേം താതാ… എന്നിങ്ങനെ ആർത്ത് വിളിച്ച് വീട്ടിനു ചുറ്റും നടക്കും. ഒടുവില്‍ വിഭവങ്ങളെല്ലാം പറമ്പിന്‍റെ തെക്കേ ഭാഗത്തെ പ്ലാവിന്‍റെ ചുവട്ടില്‍ കൊണ്ടുവച്ച് ചരല് വാരി എറിയും. പ്ലാവ് നിറച്ചും കായ്ക്കാന്‍ വേണ്ടിയാണിത്. വീട്ടില്‍ ഫലസമൃദ്ധിയുണ്ടാകാന്‍ വെളിച്ചേമ്പും കൂവയും മൂടോടെ പറിച്ച് പുരപ്പുറത്തേക്കെറിയും തുടർന്ന് എല്ലാവരും വീട്ടിലേയ്‌ക്ക് മടങ്ങി, സന്ധ്യാവന്ദനം കഴിഞ്ഞ് ചോറും പായസവും കഴിക്കുന്നതോടെ ചടങ്ങ് പൂർത്തിയാകുന്നു.കാര്‍ഷിക സംസ്‌കൃതിയുടെ ഓര്‍മ പുതുക്കിക്കൊണ്ട് വടക്കേ മലബാറില്‍ ഇന്നും നാട്ടുകൂട്ടങ്ങള്‍ കലിയന് കൊടുക്കല്‍ ചടങ്ങ് നടത്തുന്നുണ്ട്.
Leave a Comment