തിരുവനന്തപുരം: നടൻ ഇന്ദ്രൻസിന് ഇന്ന് ഏഴാം ക്ലാസ് പരീക്ഷ. അട്ടക്കുളങ്ങര സ്‌കൂളിലാണ് താരം ഇന്ന് പരീക്ഷ എഴുതുന്നത്. പരീക്ഷയെക്കുറിച്ച് ആലോചിക്കുമ്പോൾ ഭയമുണ്ടെന്നാണ് താരത്തിന്റെ പ്രതികരണം.
രാവിലെ ഒൻപതരയോടെ ആരംഭിച്ച പരീക്ഷ വൈകീട്ട് നാലരയോടെയാണ് അവസാനിക്കുക. മലയാളം, ഹിന്ദി, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിലാണ് ഇന്ന് പരീക്ഷ നടക്കുന്നത്. നാളെയും പരീക്ഷയുണ്ട്. സാമൂഹ്യശാസ്ത്രം, അടിസ്ഥാനശാസ്ത്രം, ഗണിതം എന്നീ വിഷയങ്ങളിലാണ് നാളെ പരീക്ഷ. രണ്ടാഴ്ചയ്ക്കുള്ളിൽ ഈ പരീക്ഷകളുടെ ഫലം വരും. ജയിച്ചാൽ ഇന്ദ്രൻസിന് പത്താംക്ലാസ് തുല്യതാ പരീക്ഷ എഴുതാം.
തന്റെ 68ാം വയസ്സിലാണ് ഇന്ദ്രൻസ് ഏഴാം തരം തുല്യതാ പരീക്ഷ എഴുതുന്നത്. നാലാം ക്ലാസ് ആണ് ഇന്ദ്രൻസിന്റെ നിലവിലെ വിദ്യാഭ്യാസ യോഗ്യത. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിൽ ജനിച്ച ഇന്ദ്രൻസ് സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്ന് നാലാം ക്ലാസിൽ പഠനം ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് തയ്യൽ കടയിൽ ജോലി ആരംഭിച്ചു.
അഭിനയ ജീവിതത്തിൽ വൻ നേട്ടങ്ങൾ ആയിരുന്നു ഇന്ദ്രൻസ് സ്വന്തമാക്കിയത്. ഇതിനിടെയാണ് പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്ന പഠനമെന്ന മോഹം വീണ്ടും അദ്ദേഹത്തിനുണ്ടായത്. ഇതോടെയാണ് തുല്യതാ പരീക്ഷയെഴുതാൻ അദ്ദേഹം തീരുമാനിച്ചത്.
Leave a Comment