ന്യൂഡൽഹി: ഇന്ത്യൻ വിമാനക്കമ്പനികളുടെ വിമാനങ്ങൾക്ക് നേരെയുള്ള തുടരെയുള്ള ബോംബ് ഭീഷണികൾ ആശങ്ക സൃഷ്ടിക്കുന്നു. 24 മണിക്കൂറിനിടെ പത്തിലധികം വിമാനങ്ങൾക്ക് നേരെ ബേംബ് ഭീഷണിയുണ്ടായി. ഒരാഴ്ചക്കിടെ 29 വിമാനങ്ങൾക്ക് നേരെയാണ് ബോംബ് ഭീഷണിയെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് വിമാനങ്ങൾക്ക് നേരെ ഭീഷണി സന്ദേശം എത്തിത്തുടങ്ങിയത്.
ഒരു ദിവസത്തിനുള്ളിൽ തന്നെ ഇൻഡിഗോ, ആകാശ എന്നീ കമ്പനികളുടെ അഞ്ച് വിമാനങ്ങൾക്കും വിസ്താരയുടെ മൂന്ന് വിമാനങ്ങൾക്കും എയർഇന്ത്യയുടെ വിമാനങ്ങൾക്കും നേരെ ഭീഷണി സന്ദേശമെത്തി. എക്‌സ്, ഇമെയിൽ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ഭീഷണി സന്ദേശം എത്തുന്നത്. ഇവ തികച്ചും ആശങ്കാജനകമാണെന്ന് വിമാനത്താവളം അധികൃതർ വ്യക്തമാക്കുന്നു. ഇന്ത്യൻ വിമാനങ്ങൾക്ക് നേരെയുള്ള ഭീഷണികൾക്ക് പിന്നിലുള്ളവർ വിദേശ എയർലൈനുകളായ അമേരിക്കൻ എയർലൈനുകൾ, ജെറ്റ്ബ്ലു എന്നിവയെയും ലഷ്യമിട്ടു തുടങ്ങിയതായി അധികൃതർ പറയുന്നു.
കഴിഞ്ഞ ദിവസം രാത്രി വിസ്താരയുടെ ഡൽഹി- ലണ്ടൻ വിമാനം ബോംബ് ഭീഷണിയെ തുടർന്ന് ഫ്രാങ്ക്ഫർട്ടിലേക്ക് തിരിച്ചുവിട്ടിരുന്നു. എയർ ഇന്ത്യയുടെ ന്യൂയോർക്ക് മുംബൈ വിമാനം ബോംബ് ഭീഷണിയെ തുടർന്ന് മൂന്ന് മണിക്കൂർ വൈകിയാണ് പുറപ്പെട്ടത്. ഡൽഹിയിൽ നിന്നും മുംബൈയിൽ നിന്നും ഇസ്താംബുള്ളിലേക്കുള്ള ഇൻഡിഗോ വിമാനത്തിനും മറ്റ് മൂന്ന് എയർലൈനുകളോടൊപ്പം ഭീഷണി സന്ദേശമെത്തിയിരുന്നു. ആകാശ, സ്‌പെയ്‌സ് ജെറ്റ് തുടങ്ങിയ വിമാനങ്ങൾക്കും ബോംബ് ഭീഷണിയെത്തി.
ഭീഷണികളെ തുടർന്ന് പല വിമാനങ്ങളും തിരിച്ചിറക്കുകയും വഴിതിരിച്ചുവിടുകയും യാത്ര റദ്ദാക്കുകയും ചെയ്യുന്നത് പതിവ് കാഴ്ചകളായി മാറിത്തുടങ്ങിയിരിക്കുകയാണ്. സുരക്ഷിതമായി വിമാനത്താവളങ്ങളിൽ തിരിച്ചിറക്കുന്ന വിമാനങ്ങൾ പിന്നീട് കർശന പരിശോധനകൾക്ക് വിധേയമാക്കുകയും വ്യാജ ഭീഷണിയാണ് സ്ഥിരീകരിക്കുകയും ചെയ്തതിന് ശേഷമാണ് യാത്ര പുനരാരംഭിക്കുന്നത്. നിരന്തരമുള്ള ഇത്തരം ബോംബ് ഭീഷണികൾ കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇത്തരം ഭീഷണികൾ കനത്ത സാമ്പത്തിക നഷ്ടവും വിമാനക്കമ്പനികൾക്ക് വരുത്തുന്നുണ്ട്.
ഈ സാഹചര്യത്തിൽ വ്യോമയാന മന്ത്രാലയം അടിയന്തര യോഗം വിളിച്ചിരുന്നു. വ്യാജ ബോംബ് ഭീഷണികൾക്ക് പിന്നിലുള്ളവരെ കുറിച്ച് സൂചനകൾ ലഭിച്ചതായി അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച മൂന്ന് വിമാനങ്ങൾക്ക് നേരെയുള്ള ഭീഷണിയുമായി ബന്ധപ്പെട്ട് 17കാരിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഭീഷണി പോസ്റ്റ് ചെയ്ത ഉപകരണങ്ങളുടെ ഐപി വിലാസങ്ങളിൽ ചിലത് ലണ്ടനിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ വ്യോമയാന മന്ത്രാലയം ജാഗ്രത കർശനമാക്കിയിട്ടുണ്ട്.
Leave a Comment