പലപ്പോഴും റോഡ് മുഖേന ഒരു യാത്ര പോകുമ്പോൾ നമ്മൾ അനുഭവിക്കുന്ന ഒരു പ്രശ്‌നമാണ് ടയർ പഞ്ചറാവുക എന്നത്. നമ്മുടെ റോഡുകളുടെ സ്ഥിതിയും നിർമ്മാണത്തിലിരിക്കുന്ന നിരത്തുകളും ആണ് പലപ്പോഴും പണി തരുന്നത്. ഇത്തരം സാഹചര്യങ്ങളിൽ പഞ്ചർ സർവ്വീസുകളുടെ സഹായം തേടിയേ തീരൂ. എന്നാൽ പഞ്ചർ സർവ്വീസ് ഇല്ലാത്ത പ്രദേശത്ത് വച്ചോ സമയത്തോ ആണ് പ്രശ്‌നം സംഭവിക്കുന്നതെങ്കിൽ എന്ത് ചെയ്യും?
പരിശീലനത്തിലൂടെ പഞ്ചറൊട്ടിക്കാൻ പഠിക്കുക എന്നത് തന്നെയാണ് രക്ഷ. ഒരു പഞ്ചർ റിപ്പയർ കിറ്റും ഒരു ടയർ ഇൻഫ്‌ലേറ്ററും കൈവശം ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്. അത് ടയർ ഷോപ്പുകളിലോ ഓൺലൈനിലോ വാങ്ങാവുന്നതാണ്. ഒരു സാധാരണ കിറ്റിൽ ഒരു റീമർ ടൂൾ, ഒരു സ്ട്രിപ്പ്-ഇൻസർഷൻ ടൂൾ, പഞ്ചർ-റിപ്പയർ സ്ട്രിപ്പുകൾ, ഒരു കട്ടർ എന്നിവ ഉൾപ്പെടുന്നു. ട്രെഡ് പ്രതലത്തിലെ പഞ്ചറുകൾ മാത്രം നന്നാക്കാൻ ശ്രമിക്കുക. സൈഡിലുള്ള പഞ്ചറുകൾക്ക് ടയർ മാറ്റുക മാത്രമാണ് പരിഹാരം.
ആദ്യം ടയർ പഞ്ചറാകാൻ കാരണമായ വസ്തു കണ്ടെത്തുക എന്നതാണ് മുഖ്യം. എയർ ലീക്കേജ് കണ്ടുപിടിക്കാനായി സോപ്പുവെള്ളം ഉപയോഗിക്കാം. സോപ്പ് വെള്ളം ഒഴിക്കുമ്പോൾ കുമിളകൾ വരുന്ന സ്ഥാനത്തായിരിക്കും പഞ്ചറായിട്ടുണ്ടാകുക. പഞ്ചറിന് കാരണമായ വസ്തു ആണിയോ മറ്റെന്തോ ആയിക്കോട്ടെ ഒരിക്കലും കൈ കൊണ്ട് നീക്കം ചെയ്യാൻ ശ്രമിക്കരുത്. അതിനായി പ്ലയറുകൾ ഉപയോഗിക്കുക. അടുത്തതായി ആ വസ്തുവുണ്ടാക്കിയ ദ്വാരം റീമർ ടൂൾ ഉപയോഗിച്ച് വലുതാക്കുക.
ഇൻസേർഷൻ ടൂളിൽ ഒരു പഞ്ചർ-റിപ്പയർ സ്ട്രിപ്പ് കോർത്ത് അതിനെ പകുതിയാക്കുക. ശേഷം അത് ദ്വാരത്തിനുള്ളിലേക്ക് കയറ്റി മുക്കാൽ ഭാഗവും പുറത്ത് വിടുക. തുടർന്ന് സ്ട്രിപ്പ് ഇൻസേർഷൻ ടൂൾ പുറത്തെടുത്ത് ബ്ലേഡോ കട്ടറോ ഉപയോഗിച്ച് അധികമുള്ള സ്ട്രിപ്പ് മുറിച്ച് മാറ്റുക. ശേഷം ടയറിൽ കാറ്റ് നിറച്ച ശേഷം പഞ്ചറടിച്ച ഭാഗത്ത് സോപ്പ് വെള്ളം ഒഴിച്ച് നോക്കുക. കുമിളകളൊന്നും ദൃശ്യമാകുന്നില്ലെങ്കിൽ പഞ്ചർ വിജയകരമായി നിങ്ങൾ ഒട്ടിച്ചുവെന്ന് മനസിലാക്കുക.
എന്നാൽ മറ്റ് വാഹനങ്ങളിലെ പോലെ എയർ സസ്പെൻഷനുള്ള കാറുകളുടെ ടയർ മാറ്റം അത്ര എളുപ്പമല്ല. കാർ ജാക്ക് ചെയ്ത് വീൽ നീക്കം ചെയ്യുന്നതിനുമുമ്പ് എയർ സസ്‌പെൻഷൻ വീൽ-ചേഞ്ച് ക്രമീകരണം സജീവമാക്കുക അല്ലെങ്കിൽ സെൻട്രൽ സ്‌ക്രീൻ വഴി വർക്ക്‌ഷോപ്പ് മോഡിലേക്ക് മാറുക. ഇത് എയർ സസ്‌പെൻഷൻ സിസ്റ്റത്തിന് പ്രശ്‌നം വരുന്നതിനെ തടയുന്നു.
Leave a Comment